വാഷിംഗ്ടണ്‍: മദ്ധ്യ യുഎസില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസൗറി, ടെന്നസി എന്നീ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ദശലക്ഷകണക്കിന് ആളുകളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. മിസിസിപ്പി, ഒഹായോ, ടെന്നസി നദീതടങ്ങളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ ദിവസം യുഎസില്‍ 11 തവണയാണ് അതീവ്ര ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിനേ തുടര്‍ന്ന് 13 സംസ്ഥാനങ്ങളിലെ വൈദ്യുത ബന്ധം താറുമാറായിരിക്കുകയാണ്. 642,000-ത്തിലധികം ആളുകള്‍ ഇരുട്ടിലാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറ്റിന്റെ ശക്തി ദുര്‍ബലമായിട്ടില്ലെന്നും ഇനിയും 85 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു. ബേസ്‌ബോളിനേക്കാള്‍ വലിയ ആലിപ്പഴ വീഴ്ചയ്ക്കുള്ള സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്.