പലസ്തീനികൾക്ക് നല്‍കുന്ന വിസകള്‍ അഞ്ചിരട്ടി വര്‍ധിപ്പിച്ച് കാനഡ: ആക്രമണം ഞെട്ടിച്ചെന്ന് വിശദീകരണം



ഒട്ടാവ: റഫയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസയിലെ പലസ്തീനികൾക്ക് നൽകാവുന്ന വിസകൾ അഞ്ചിരട്ടി വർധിപ്പിച്ച് കാനഡ. 5,000 വിസകൾ പലസ്തീനികൾക്ക് നൽകുമെന്ന് കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. റഫയിൽ കഴിഞ്ഞ ദിവസം അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ കൂട്ട കുരുതിയെയും കാനഡ അപലപിച്ചു.

കാനഡയിൽ കഴിയുന്ന പലസ്തീനികളുടെ ഗസ്സയിലെ ബന്ധുക്കൾക്ക് 1,000 വിസയാണ് കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് റഫ ആക്രമണത്തിന് പിന്നാലെ ഉയർത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനകം 448 ഗസ്സക്കാർക്ക് താൽക്കാലിക വിസ അനുവദിച്ചതായും 41 പേർ ഇതിനകം രാജ്യത്തെത്തിയതായും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ അനുയോജ്യമാകുന്ന സമയത്ത് വിസ പരിധി കൂടുതൽ ഉയർത്തുമെന്ന് മാർക്ക് മില്ലർ അറിയിച്ചു.

‘റഫയിൽ ഫലസ്തീനി സിവിലിയന്മാരെ അറുകൊല ചെയ്ത ആക്രമണം ഞങ്ങളെ ഞെട്ടിച്ചു’ കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. റഫയിലെ ഇസ്രയേൽ ആക്രമണത്തെ രാജ്യം പിന്തുണക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ഐക്യരാഷ്ട്രസഭയിൽ ഉൾപ്പെടെ ഗാസയിൽ വെടി നിർത്തലിന് കാനഡ നേരത്തെ തന്നെ നിരവധി നീക്കങ്ങൾ നടത്തിയിരുന്നു. ഒക്‌ടോബർ 7 ന് ശേഷം മാത്രം ഏകദേശം 36,000 പലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പലസ്തീൻ അഭയാർത്ഥി ഏജൻസിയായ യുഎന്‍ആര്‍ഡബ്‌ള്യുഎയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനവും പലായനം ചെയ്യപ്പെട്ടു.