ഭർത്താവിനെതിരായ പീഡനക്കേസ് വ്യാജമെന്ന് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി: കേസ് ക്വാഷ് ചെയ്യാനപേക്ഷ നൽകി- അഭിഭാഷകൻ


കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് വ്യാജമെന്ന് യുവതി നേരത്തേ തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന് വെളിപ്പെടുത്തൽ. തന്റെ ഭർത്താവിനെതിരായ കേസ് വ്യാജമെന്ന സത്യവാങ്മൂലം പരാതിക്കാരിയായ യുവതി നൽകിയെന്നാണ് യുവതിയുടെ ഭർക്കാവ് രാ​ഹുലിന്റെ അഭിഭാഷകൻ വെളിപ്പെടുത്തുന്നത്. കഴിഞ്ഞമാസം 29-നാണ് സത്യവാങ്മൂലം നൽകിയതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

യുവതി തിരുവനന്തപുരത്തുവെച്ച് സത്യവാങ്മൂലം ഒപ്പിട്ടുനൽകിയെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. ഇതുൾപ്പെടെ കോടതിയിൽ ഹാജരാക്കി കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഗാർഹികപീഡനക്കേസിൽ മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞദിവസം പരാതിക്കാരി പുറത്തുവിട്ടിരുന്നു. പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞ കാര്യങ്ങളിൽ കുറ്റബോധം തോന്നുന്നുവെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, പരാതിക്കാരി മൊഴിമാറ്റിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. യുവതിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലും പൊലീസ് അന്വേഷണം ആരംഭിച്ചു. വടക്കേക്കര പൊലീസാണ് യുവതിയെ കാണാനില്ലെന്ന പരാതി അന്വേഷിക്കുന്നത്. അതേസമയം, യുവതി മൊഴിമാറ്റിയത് പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. യുവതിയെ ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴിമാറ്റിച്ചതാകാമെന്ന നി​ഗമനത്തിലാണ് പൊലീസ്. അന്വേഷണം പൂർത്തിയാക്കി അടുത്തയാഴ്ച്ച കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

രണ്ട് വീഡിയോകളാണ് ഇന്നലെ പരാതിക്കാരിയായ യുവതി പുറത്തുവിട്ടത്. ആദ്യത്തേതിൽ രാഹുൽ മർദ്ദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടാമത്തെ വീഡിയോയിൽ കുടുംബത്തിനും പൊലീസിനും സ്വന്തം അഭിഭാഷകനുമെതിരെയാണ് യുവതിയുടെ ആരോപണം. അതേസമയം, മകൾ ആരുടെയോ സമ്മർദം നേരിടുന്നുണ്ടെന്നാണ് അച്ഛൻ്റെ പ്രതികരണം. അതേസമയം, പൊലീസിനെതിരെയും യുവതി ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. സത്യം പൊലീസിനോട് തുറന്നു പറഞ്ഞിട്ടും അത് ചെവിക്കൊണ്ടില്ലെന്നാണ് യുവതിയുടെ ആരോപണം.

വിവാദമായ പന്തീരാങ്കാവ് പീഡന കേസിൽ മർദ്ദനമേറ്റ യുവതിയും കുടുംബവും രണ്ട് തട്ടിലാണ്. പരാതിയുമായി ബന്ധപ്പെട്ട് ഉയർന്ന സ്ത്രീധന പീഡനമടക്കം തള്ളിയ യുവതി രാഹുൽ മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കം താനും മറ്റൊരാളുമായുള്ള സന്ദേശമാണെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ യുവതിയെ കാണാനില്ലെന്ന് അച്ഛൻ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും താൻ സുരക്ഷിതയാണെന്ന് വെളിപ്പെടുത്തി, യുവതി വീണ്ടും തന്റെ യൂട്യൂബ് ചാനൽ വഴി വീഡിയോ സന്ദേശം പുറത്തുവിട്ടു.

ആരുടേയും നിർബന്ധ പ്രകാരമല്ല വീഡിയോ വഴി രാഹുലിനെ ന്യായീകരിച്ചതെന്ന് യുവതി പറയുന്നു. വീട്ടിൽ നിന്ന് വീഡിയോ റിലീസ് ചെയ്യാൻ ആകില്ലെന്നും തനിക്കെതിരെ വീട്ടുകാരുടെ വധഭീഷണി ഉണ്ടായെന്നും പറഞ്ഞ യുവതി സ്വന്തം വീട്ടിൽ താൻ സുരക്ഷിതയല്ലെന്നും പറഞ്ഞു. രഹസ്യ മൊഴി നൽകുന്ന സമയത്ത് സത്യം പറയുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപിയോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടിയ കേസായതിനാൽ വിട്ടുവീഴ്‌ച ചെയ്യാനാവില്ലെന്ന് എസിപി പറഞ്ഞതായും യുവതി പുതിയ വീഡിയോയിൽ പറഞ്ഞു.

യുവതിയുടെ വാക്കുകൾ ഇങ്ങനെ

‘ഞാൻ സേഫാണ്, എന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടൊന്നുമില്ല. ആരുടെയും ഭീഷണിപ്രകാരമല്ല ഞാൻ ആ വീഡിയോ റിലീസ് ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരമാണ്. ഒരു സമാധാനം കിട്ടുന്നില്ല. എല്ലാവരുടെയും സമ്മർദ്ദത്തിൽ നിന്ന് കുറച്ചുദിവസം മാറി നിൽക്കാൻ തോന്നി. ഇനിയെങ്കിലും… എനിക്കറിയാം, ലേറ്റ് ആയി പോയെന്ന്. സത്യമെന്താണെന്ന് തുറന്നുപറയണമെന്ന് തോന്നി. അതുകൊണ്ടാണ് മാറി നിന്ന് വീഡിയോ ചെയ്തത്. എന്റെ വീട്ടിൽ നിന്നുകൊണ്ട് എനിക്ക് സത്യം തുറന്നുപറഞ്ഞ് വീഡിയോ ഇറക്കാനുള്ള സാഹചര്യം ഉണ്ടാവില്ല. കാരണം എനിക്കൊരു വധഭീഷണി പൊലും ഉണ്ടായതാണ്. നല്ല പ്രഷറ് കൊണ്ടാണ് എനിക്ക് വീട്ടിൽ നിൽക്കാൻ പറ്റാത്തത്.

രഹസ്യമൊഴി കൊടുക്കുന്നതിന്റെ അന്ന് പോലും സത്യം തുറന്നുപറയണമെന്നേ ആഗ്രഹിച്ചുള്ളു. പക്ഷേ ഏതെങ്കിലും ഒരുഘട്ടത്തിൽ വച്ച് ഞാൻ സത്യം തുറന്നുപറഞ്ഞാലോ എന്ന് പേടിച്ചിട്ടാണ്, ആ രഹസ്യമൊഴിയുടെ അറേഞ്ച്‌മെന്റ്‌സും കാര്യങ്ങളും പോലും ഉണ്ടായത്. അതിന്റെ തലേന്ന് പോലും വീട്ടുകാരോട് പറഞ്ഞു, ലാസ്റ്റ് മൊഴിയിൽ ഞാൻ സത്യം മാത്രമേ പറയുകയുള്ളുവെന്ന്. പക്ഷേ അന്ന് രാത്രി സംഭവിച്ചത് എന്തെന്ന് വച്ചാൽ, എന്റെ വീട്ടിലെ അച്ഛന്റെ സൈഡീന്ന് സ്യൂയിസൈഡ് പ്രവണത എനിക്ക് കാണേണ്ടി വന്നു.

സത്യമായിട്ടും പേടിച്ചു അച്ഛൻ എന്തെങ്കിലും ചെയ്തുകളയുമെന്ന്. അതുകൊണ്ടാണ് ആ സ്‌റ്റേജിൽ പോലും സത്യം തുറന്നുപറയാൻ കഴിയാതിരുന്നത്. അന്ന് രാത്രി വീട്ടിൽ വന്ന വക്കീലിനോട് ഞാൻ സത്യം തുറന്നുപറഞ്ഞു. അവര് പോലും പറഞ്ഞത് സത്യം തുറന്നുപറഞ്ഞാൽ ബുദ്ധിമുട്ടായിരിക്കും, അത് പറയരുത് എന്നാണ്. അതുകൊണ്ടാണ് ആ സമയത്ത് പോലും മജിസ്‌ട്രേറ്റിന്റെ മുന്നിൽ സത്യം തുറന്നുപറയാൻ പറ്റാതിരുന്നത്.

സത്യം തുറന്നുപറയാൻ ആരും കൂടെയുണ്ടായില്ല, സഹായിച്ചില്ല. അതുകൊണ്ടാണ് ഒറ്റയ്ക്ക് മാറി നിന്ന് വീഡിയോ ചെയ്യണമെന്ന് എനിക്ക് തോന്നിയത്. കഴിഞ്ഞാഴ്ച ഞാൻ എസിപിയെ വിളിച്ചായിരുന്നു. സാറിനോടും ഞാൻ സത്യം തുറന്നുപറഞ്ഞു. സാറിനോട് എങ്കിലും സത്യം തുറന്നുപറയണമെന്ന് തോന്നി. പക്ഷേ, ഈ കേസ് കാരണം, രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ കൊടുത്ത കേസാണ്, അങ്ങനെ വന്നപ്പോൾ പുള്ളിക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. വേറൊരു നിവൃത്തിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മാറി നിന്ന് വീഡിയോ ചെയ്യുന്നത്. ‘

യുവതിയെ കാണാനില്ലെന്ന് അച്ഛന്റെ പരാതി

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മർദ്ദനമേറ്റ നവവധുവിനെ കാണാനില്ലെന്ന് അച്ഛന്റെ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി. വടക്കേക്കര പൊലീസ് എടുത്ത കേസ് തിരുവനന്തപുരം കഴക്കൂട്ടം പൊലീസിന് കൈമാറും. പെൺകുട്ടിയെ കാണാതായത് കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാലാണ് ഇത്.

തിങ്കളാഴ്ച ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ മകൾ അവിടെ എത്തിയില്ലെന്നാണ് ഇന്ന് അച്ഛൻ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ട് യുവതി യൂട്യൂബിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയായിരുന്നു അച്ഛൻ പരാതിയുമായി എത്തിയത്. മകളെ ഫോണിലും കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മകളെ ഭർത്താവ് രാഹുൽ മർദ്ദിച്ചെന്നും അതിന് തെളിവുണ്ടെന്നും പറഞ്ഞ അച്ഛൻ ബെൽറ്റ് കൊണ്ട് അടിച്ച കാര്യം ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണെന്നും പറഞ്ഞിരുന്നു. ഫോറൻസിക് തെളിവുണ്ടെന്നും അച്ഛൻ പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലുകളിൽ പ്രതികരിക്കാനില്ലെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചു.