ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതി ജഡ്ജ് ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി വ്യക്തമാക്കി.
ജാമ്യ ഉത്തരവ് 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി. കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ജാമ്യത്തില്‍ യാതൊരു സ്റ്റേ ഇല്ലെന്നും സ്പെഷ്യല്‍ ജഡ്ജ് ബിന്ദു വ്യക്തത വരുത്തി.
read also: നാളെ കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്
കെജ്രിവാളിനെതിരേയുള്ള എല്ലാ കേസും, ചില മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ഇ.ഡിയുടെ പക്കല്‍ ഇദ്ദേഹത്തിനെതിരെ തെളിവുകളില്ലെന്നും അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.
കെജ്രിവാള്‍ മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. മാർച്ച് 21-നാണ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം ജൂണ്‍ ഒന്നിന് അവസാനിച്ചതിനെത്തുടർന്ന് ജൂണ്‍ രണ്ടിന് അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങിയിരുന്നു.