ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് : സന്തോഷ് ജോര്‍ജ് കുളങ്ങര



കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ വിമർശനവുമായി സന്തോഷ് ജോർജ് കുളങ്ങര. തന്റെ മകള്‍ക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ആയിരുന്ന സാബു തോമസിനെ മുന്നിലിരുത്തി വിമര്ശനമുയർത്തിയത്.

വിദ്യാർത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരു കോണ്‍ക്ലേവില്‍ പങ്കെടുത്തപ്പോൾ സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞതിങ്ങനെ,

‘എന്റെ മോള് അവളുടെ പത്താം ക്ലാസ് വരെ ഞങ്ങടെ തന്നെ സ്കൂളിലാണ് പഠിച്ചത്. എന്റെ പിതാവാണ് ആ സ്ഥാപനത്തിന്റെ ചെയർമാൻ. അവള്‍ക്ക് ടോപ്പ് മാർക്ക് ആയിരുന്നു എല്ലാത്തിനും. ഒരിക്കല്‍ അവള്‍ പറഞ്ഞു, ‘നമ്മുടെ സ്കൂളില്‍ പഠിക്കുന്നത് കൊണ്ട് ടീച്ചർമാർ എനിക്ക് മാർക്ക് കൂടുതല്‍ തരുന്നു എന്ന് സംശയമുണ്ട്. അതുകൊണ്ട് മറ്റൊരു സ്കൂളില്‍ പഠിക്കണം’. അങ്ങനെയാണ് മകളെ കൊടൈക്കനാല്‍ ഇന്റർനാഷണല്‍ സ്കൂളില്‍ പഠിക്കാൻ വിടുന്നത്. കൊടൈക്കനാലിലെ സ്കൂളില്‍ ഐബി( International Baccalaureate) ആണ് സിലബസ്. അവിടെ മകള്‍ പഠിച്ചു. അത്യാവശ്യം മാർക്കോടെ പഠിച്ച്‌ തിരിച്ചെത്തിയ അവള്‍ക്ക് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജില്‍ അഡ്മിഷൻ ലഭിച്ചു. അവിടെ ജോയിൻ ചെയ്തു’.

read also: വനിതകോണ്‍സ്റ്റബിളിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍

‘ഒരു വർഷം കഴിഞ്ഞപ്പോള്‍ എംജി യൂണിവേഴ്സിറ്റി അറിയിച്ചത്, മകള്‍ പഠിച്ച കോഴ്സ് അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു. ഇവിടെ പഠിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. ഐ ബി പഠിച്ചിട്ട് വന്ന ഒരാളെ ഗാന്ധി യൂണിവേഴ്സിറ്റി പുറത്താക്കി. എന്റെ മകളുടെ ഒരു വർഷം നഷ്ടപ്പെട്ടു. ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് എന്ന് മുൻ വിസിയെ മുന്നില്‍ ഇരുത്തിക്കൊണ്ട് ഞാൻ പറയുകയാണ്. ഇവന്മാരാണ് നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്കരിക്കാൻ പോകുന്നത്. അതേ മാർക്കുമായി മകള്‍ ബാംഗ്ലൂരിലേക്ക് പോയി. അവിടെ അവള്‍ക്ക് അഡ്മിഷൻ കിട്ടി. അവളുടെ മികവ് കണക്കിലെടുത്ത് ആ ഒരു വർഷം നഷ്ടമാകാതെ പഠിക്കാൻ അവർ സഹായം ചെയ്തു’-സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.