സമ്പൂർണ ഗർഭകാലമെന്നത് നാല്പതു ആഴ്ച അഥവാ 280 ദിവസമാണ്. കുഞ്ഞിന്റെ വളർച്ചയും ഗർഭത്തിന്റെ നിർണായക സമയങ്ങളെയും വേർതിരിച്ചു ഗർഭകാലത്തെ മൂന്നുഘട്ടങ്ങളായി (ട്രൈമെസ്റ്റർ) തിരിക്കാറുണ്ട്. ഇതിൽ ആദ്യത്തെ 12 ആഴ്ച (മൂന്നുമാസം)യാണ് ഒന്നാം ഘട്ടം. 13 മുതൽ 25 ആഴ്ച വരെ (നാലു മുതൽ ആറ് മാസം വരെ) രണ്ടാം ഘട്ടവും 26 മുതൽ 40 ആഴ്ച വരെ (ഏഴാം മാസം മുതൽ പ്രസവം വരെ) മൂന്നാം ഘട്ടവുമായാണു തിരിച്ചിരിക്കുന്നത്.
ഇതിൽ ഒന്നാമത്തെ ഘട്ടത്തിലാണു കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. ഭ്രൂണം ശിശുവായി പരിണമിക്കുന്നത് ഈ ഘട്ടത്തിലാണ്. ഗർഭിണിയായി മാറിയതു മൂലമുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ, പ്രത്യേകിച്ചും ഓക്കാനം, ഛർദി, ക്ഷീണം എന്നിവ ഈ സമയത്തു സാധാരണമാണ്. ഗർഭസ്ഥശിശു രൂപം കൊണ്ട് അവയവങ്ങളുടെ വളർച്ച ആരംഭിക്കുന്ന സമയമാണ് ആദ്യ മൂന്നുമാസം.
ആദ്യനാളുകളിലെ കരുതൽ
ഗർഭമായി ആദ്യത്തെ 30 ദിവസം പ്രത്യേകിച്ചു ശ്രദ്ധിക്കേണ്ടതില്ല. എന്നാൽ 31-ാം ദിവസം മുതലുള്ള 60 ദിവസമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുഞ്ഞിനു എല്ലാ അവയവങ്ങളും ഉണ്ടാകുന്ന സമയമാണിത്. ഹൃദയം, തലച്ചോറ് തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന ആ സമയത്തു ഗർഭിണി ഉപയോഗിക്കുന്ന മരുന്നുകൾ, ഭക്ഷണം, ഗർഭിണിയുടെ ശ്വാസത്തിലൂടെ പോലും എത്തുന്ന കാര്യങ്ങൾ എന്നിവ കുട്ടിയെ ബാധിക്കും.
കുട്ടികളിൽ വൈകല്യം സൃഷ്ടിക്കപ്പെടാനുള്ള സാധ്യത ഈ സമയത്താണു കൂടുതൽ. ഗർഭമലസലും ഈ ഘട്ടത്തിൽ കൂടുതലായി കാണാറുണ്ട്. ശരീരത്തിനു ആയാസമുണ്ടാക്കുന്ന വിധത്തിലുള്ള ഇരുചക്രവാഹനങ്ങളിലെയും ഓട്ടോറിക്ഷയിലേയും യാത്ര ഈ അവസരത്തിൽ ഒഴിവാക്കുകയാണ് അഭികാമ്യം. ആദ്യമാസങ്ങളിൽ വിശപ്പില്ലായ്മയും ക്ഷീണവും ഛർദ്ദിയും സാധാരണമാണ്.
ഹോർമോൺ മാറ്റങ്ങൾ അറിയാം
ഹോർമോൺ വ്യതിയാനം മൂലം ഈ സമയത്തു ഗർഭിണിയിൽ ഉത്കണ്ഠയും കൂടുതലാണ്. വേണ്ടത്ര വിശ്രമം അനിവാര്യമാണ്. ഭക്ഷണക്രമത്തിലും വ്യത്യാസം വരുത്തുന്നതു നന്നായിരിക്കും. ഈ മാസങ്ങളിൽ കുറേശ്ശെ കഴിക്കുക. അടുപ്പിച്ചു കഴിക്കുന്നതും നല്ലതാണ്. വെള്ളവും പഴവർഗങ്ങളും കഴിക്കുന്നതും ഗുണകരം തന്നെ.
രാവിലെ എഴുന്നേറ്റാൽ ഉടൻ ഭക്ഷണം കഴിക്കരുത്. ഒന്നു നടന്ന ശേഷം കഴിക്കുന്നതാണു നല്ലത്. അതുപോലെ രാത്രികിടക്കുന്നതിനു രണ്ടുമണിക്കൂർ മുമ്പു ഭക്ഷണം കഴിച്ച ശേഷം അൽപ ദൂരം നടന്ന ശേഷം ഉറങ്ങാൻ കിടക്കുന്നതാവും നല്ലത്. പല അസ്വസ്ഥതകളും ഇതിലൂടെ അകറ്റാനാകും.
അണുബാധ സൂക്ഷിക്കാം
മൂത്രമൊഴിക്കണമെന്നു തോന്നിയാൽ വൈകിപ്പിക്കരുത്. മൂത്രം കെട്ടിക്കിടന്നാൽ അണുബാധയ്ക്കു സാധ്യതയുണ്ട്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഇടയ്ക്കു കഴിക്കാം.
സാധാരണ ജോലികളൊക്കെ ഈ സമയത്തു ചെയ്യാം. ലൈംഗികബന്ധമോ ചെറിയ യാത്രകളോ അപകടകരമല്ല. ഗർഭത്തിന്റെ തുടക്കത്തിൽ ഫോളിക് ആസിഡ് ഗുളികകൾ ഒഴികെ മറ്റു മരുന്നുകൾ സാധാരണ നിലയിൽ വേണ്ടി വരാറില്ല.
രണ്ടാം ഘട്ടത്തിലെ മാറ്റങ്ങൾ
രണ്ടാം ഘട്ടത്തിന്റെ തുടക്കം മുതലാണു ഗർഭിണിയിൽ ശാരീരിക മാറ്റങ്ങൾ പ്രത്യക്ഷപ്പെടുക. സ്തനങ്ങൾ വലുതായി തുടങ്ങും. 14-ാംമത്തെ ആഴ്ചയോടെ കുഞ്ഞിന്റെ വളർച്ച വേഗത്തിലാകും. ഒപ്പം ഗർഭിണിയുടെ അടിവയർ വീർത്ത് ഗർഭം പ്രകടമാകും. ഏതാണ്ട് 20 ആഴ്ച ആകുമ്പോഴേക്കുമാണു ഗർഭസ്ഥ ശിശുവിനു എല്ലാ അവയവങ്ങളും രൂപപ്പെട്ടു പൂർണശിശുവായി വളരാൻ തുടങ്ങുന്നത്.
ഗർഭിണിയുടെ ശാരീരിക പ്രവർത്തനങ്ങളിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ഹൃദയം, ശ്വാസകോശം തുടങ്ങി വിവിധ ആന്തരികാവയവങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാകും. രക്തത്തിന്റെ അളവു കൂടും. ഇതിന്റെയൊക്കെ ഫലമായി പോഷകങ്ങളും കൂടുതലായി വേണ്ടിവരും. അതുപഹരിക്കാൻ കൂടുതൽ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. കാത്സ്യവും ഇരുമ്പു സത്തും വേണ്ട അളവിൽ ലഭ്യമാകാൻ അയൺ ഗുളികയും കാത്സ്യം ഗുളികയും ഡോക്ടറിന്റെ നിർദേശാനുസരണം കഴിക്കണം.