തിരുവനന്തപുരം- ബഹ്റൈൻ ഗള്‍ഫ് എയര്‍ വിമാനം റദ്ദാക്കി



തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേയ്ക്ക് പുറപ്പെടാനൊരുങ്ങിയ ഗള്‍ഫ് എയർ വിമാനം യാത്ര റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് സംഭവം.

വിമാനത്താവളത്തിലെ എയർട്രാഫിക് കണ്‍ട്രോള്‍ ടവറില്‍നിന്ന് പുറപ്പെടാനുളള അനുമതി ലഭിച്ചശേഷം റണ്‍വേയിലേക്ക് കടക്കുന്നതിനുളള ടാക്സിവേയിലുടെ നീങ്ങുമ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടർന്ന് വിമാനം തിരികെ ബേയിലെത്തിച്ച്‌ സാങ്കേതിക തകരാർ പരിശോധിച്ചുവെങ്കിലും പരിഹരിക്കാനായില്ല.

read also: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

വിമാനത്തിന്റെ പവർ യൂണിറ്റ് സംവിധാനത്തിനു തകരാറെന്നാണ് സൂചന. തുടർന്ന് വിമാനത്തിന് പുറപ്പെടാനാവില്ലെന്ന് പൈലറ്റ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 158 യാത്രക്കാരെയും പുറത്തിറക്കി. ഇവരില്‍ 50 യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. വീട്ടിലേക്ക് പോകാൻ സമ്മതം അറിയിച്ചവരെ ടാക്സിയില്‍ അവരവരുടെ വീടുകളിലെത്തിച്ചു. ഞായറാഴ്ച ഉച്ചയോടെ വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.