പ്ലാറ്റ്ഫോം ടിക്കറ്റുകൾക്കും ഹോസ്റ്റലുകള്‍ക്കും ഇനി ജിഎസ്ടിയില്ല: നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി: നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. പ്ലാറ്റ്ഫോം ടിക്കറ്റുകൾക്കും ഹോസ്റ്റലുകള്‍ക്കും ഇനി ജിഎസ്ടിയില്ല. റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം സേവനങ്ങൾ എന്നിവയ്ക്കും ഇളവുകൾ ബാധകമാണ്. വിദ്യാർഥികൾ 90 ദിവസമെങ്കിലും ഉപയോഗിക്കുന്ന ഹോസ്റ്റലുകള്‍ക്കാണ് നികുതിയിളവ് ബാധകം. 53-ാമത് ജിഎസ്ടി (ചരക്ക് സേവന നികുതി) കൗൺസിൽ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.
സോളാർ കുക്കറുകൾക്കും പാൽ കാനുകൾക്കും 12 ശതമാനം ഏകീകൃത ജിഎസ്ടി നിരക്കാക്കും. സംസ്ഥാന സര്‍ക്കാരുകൾക്ക് 50 വർഷത്തേക്കുള്ള നികുതിരഹിത ലോണും ശുപാർശയിലുണ്ട്. ഓഗസ്റ്റ് പകുതിയോടെ ജിഎസ്ടി. കൗണ്‍സിലിന്റെ അടുത്ത യോഗമുണ്ടാകും.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുൻപ് ധനകാര്യമന്ത്രി സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ധനകാര്യ വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിനു സിൽവർലൈൻ പദ്ധതിക്കായുള്ള അനുമതി എത്രയും പെട്ടന്ന് നൽകണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു.