കൊല്ലും മുമ്പ് രേണുകസ്വാമിയെ നടി ചെരുപ്പ് കൊണ്ട് അടിച്ചു, കൊല നടന്ന ഷെഡിലേയ്ക്ക് നടി പവിത്രയും എത്തി


ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സിനിമാതാരം ദര്‍ശന്‍ ഉള്‍പ്പെടെ നാല് പ്രതികളെ ജൂലായ് നാല് വരെ റിമാന്‍ഡ് ചെയ്തു. ദര്‍ശന്‍, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ് ജൂലായ് നാല് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. കേസില്‍ അറസ്റ്റിലായ നടന്‍ ദര്‍ശന്‍ ജൂണ്‍ 11-ാം തീയതി മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. ശനിയാഴ്ചയാണ് ദര്‍ശനെയും മറ്റുപ്രതികളെയും വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

പവിത്ര ഗൗഡക്കെതിരെ സമൂഹ മാധ്യമത്തില്‍ മോശം കമന്റുകളിട്ടതും അശ്ലീല സന്ദേശങ്ങള്‍ അയച്ചതുമാണ് രേണുകാസ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ നടി പവിത്ര ഗൗഡയാണ് ഒന്നാംപ്രതി.

രേണുകാസ്വാമിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ ബെംഗളൂരുവിലെ ഷെഡില്‍ പവിത്ര ഗൗഡയും എത്തിയിരുന്നതായാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പവിത്ര ഗൗഡ യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രധാന തെളിവുകളായ ചെരിപ്പുകളും ദര്‍ശന്റെ ഉള്‍പ്പെടെ വസ്ത്രങ്ങളും പവിത്ര ഗൗഡയുടെ വീട്ടില്‍നിന്നാണ് പോലീസ് കണ്ടെടുത്തത്.