രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി: കശ്മീരിലെ രണ്ട് സംഘടനകളുടെ നിരോധനം ശരിവച്ച് യുഎപിഎ ട്രിബ്യൂണല്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പാക് അനുകൂല സംഘടനകളെ നിരോധിച്ച കേന്ദ്ര നടപടി ശരിവച്ച് യുഎപിഎ ട്രിബ്യൂണല്‍. മുസ്ലിം ലീഗ് ജമ്മു കശ്മീര്‍ മസ്രത് ആലം വിഭാഗം, തെഹ്രീക് ഇ ഹൂറിയത് എന്നീ സംഘടനകള്‍ക്കാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ നടപടിയാണ് യുഎപിഎ ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം ശരിവെച്ചത്.
ഡിസംബര്‍ 31 ന് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ശരിവെക്കുന്നതിന് മതിയായ തെളിവുകള്‍ ഉണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സച്ചിന്‍ ദത്ത അദ്ധ്യക്ഷനായ ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ഏജന്‍സികളുടെ നേരിട്ടുള്ള സഹായത്തോടെയാണ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രണ്ട് പാക് അനുകൂല വിഘടനവാദ സംഘടനകളും പ്രവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍.
കശ്മീരിലെ വിഘടനവാദി നേതാവായിരുന്ന സയ്യിദ് അലി ഷാ ഗീലാനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് തെഹ്രീക് ഇ ഹൂറിയത്. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്നും വിഭജിച്ച് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം.