കുണ്ടും കുഴിയുമുള്ള റോഡുകളില്‍ ടോള്‍ പിരിക്കരുത്, ഹൈവേ ഏജന്‍സികളോട് കര്‍ശന നിര്‍ദ്ദേശം നല്‍കി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: കുണ്ടും കുഴിയും ചെളിയും നിറഞ്ഞ മോശം റോഡുകളില്‍ ടോള്‍ പിരിവ് നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. റോഡുകള്‍ നല്ല അവസ്ഥയിലല്ലെങ്കില്‍ ടോള്‍പിരിവ് നടത്തുന്നത് ശരിയായ കാര്യമല്ല. സാറ്റ്‌ലൈറ്റ് അധിഷ്ഠിത ടോള്‍ എന്ന ശില്‍പശാലയില്‍ സാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. വരുന്ന സാമ്പത്തിക വര്‍ഷം 5,000 കിലോമീറ്ററില്‍ സാറ്റ്‌ലൈറ്റ് അധിഷ്ഠിത ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങള്‍ നല്ല സേവനം നല്‍കുന്നില്ലെങ്കില്‍ പണം ഈടാക്കരുത്. റോഡ് പണി അവസാനിപ്പിക്കുമ്പോഴേക്കും ടോള്‍ പിരിക്കാനുള്ള തിടുക്കം കാട്ടരുത്. റോഡുകളുടെ അവസ്ഥ മോശമാകുമ്പോള്‍ തനിക്ക് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും നിരവധി പോസ്റ്റുകളും കാണാം. നല്ല ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനുമായില്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ നില്‍ക്കരുത്.
കുണ്ടും കുഴിയും ചെളിയും നിറഞ്ഞ മോശം റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തുടങ്ങിയാല്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകും. അത് നേരിടേണ്ടത് ഞങ്ങളാണ്. നാഷണല്‍ ഹൈവേ ഏജന്‍സികളുടെ ഫീള്‍ഡ് ഓഫീസര്‍മാര്‍ ജനങ്ങളോട് മൃദുലമായി പെരുമാറണം. കാലതാമസം കൊണ്ടുണ്ടാകുന്ന അവരുടെ ബുദ്ധിമുട്ടുകള്‍ കേള്‍ക്കാനും പരാതികള്‍ പരിഹരിക്കാനും സംവിധാനം ഉണ്ടായിരിക്കണം ഗഡ്കരി പറഞ്ഞു.