ആലപ്പുഴ: രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി. ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം. രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.
ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലന്‍സിന്റെ യാത്ര തടസ്സപ്പെടുത്തും വിധം കാറോടിച്ചത്. മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് യുവാക്കളുടെ അഭ്യാസപ്രകടനം. സൈഡ് നല്‍കാതെ കുറച്ചധികം ദൂരം യുവാക്കള്‍ ആംബുലന്‍സിന് മുന്നില്‍ വാഹനം ഓടിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കി സൈഡ് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ ഒഴിഞ്ഞുമാറാന്‍ തയ്യാറായില്ല. പിന്നീട് വാഹനം നടുറോഡില്‍ നിര്‍ത്തി ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.
അതേസമയം, പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ട്. എന്നാല്‍, പരാതിയുമായി മുന്നോട്ടുപോകാനാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയുടെ തീരുമാനം.