12- ആം ക്ളാസ് പാസായാല്‍ 6000 രൂപ, ബിരുദധാരികള്‍ക്ക് 10,000 രൂപ സ്‌റ്റൈഫന്റ്: പുതിയ പ്രഖ്യാപനവുമായി സർക്കാർ
മുംബൈ : വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക് ഒരു വർഷം വരെ സ്റ്റൈഫന്റ് പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ. മഹാരാഷ്‌ട്രയില്‍ ആഷാധി ഏകാദശിയുടെ ഭാഗമായി സംസാരിക്കവെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയാണ് സാമ്പത്തികസഹായ വിവരം പ്രഖ്യാപിച്ചത്.
ലഡ്‌ല ഭായി യോജന പ്രകാരം 12-ാം ക്ളാസ് പാസാകുന്ന വിദ്യാർത്ഥികള്‍ക്ക് 6000 രൂപയും ഡിപ്ളോമ വിദ്യാർത്ഥിയ്ക്ക് 8,000 രൂപയും ബിരുദം പാസായ വിദ്യാർത്ഥികള്‍ക്ക് മാസം 10,000 രൂപയും ലഭിക്കും. സംസ്ഥാനത്ത് വിദ്യാർത്ഥികളെ സഹായിക്കാനും തൊഴിലില്ലായ്‌മാ നിരക്ക് കുറയ്‌ക്കാനുമാണ് ഈ പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. സാമ്പത്തിക സഹായം ഒരുവർഷത്തോളം നല്‍കുമെന്നും ഇക്കാലയളവില്‍ ഇവർക്ക് അപ്രന്റീസ് പരിശീലനം വഴി അനുഭവപരിചയം ഉണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
read also; അതിശക്തമായ മഴ : വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ഇന്ത്യയില്‍ ഏതെങ്കിലുമൊരു സർക്കാർ ഇത്തരത്തില്‍ യുവജനങ്ങൾക്കായി സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് ഷിൻഡെ പറഞ്ഞു. മുഖ്യമന്ത്രി മജ്‌ഹി ലഡ്‌കി ബഹൻ യോജന അനുസരിച്ച് 21 മുതല്‍ 60 വയസുവരെയുള്ള സ്‌ത്രീകള്‍ക്കും സാമ്പത്തിക സഹായമുണ്ട്. 1500 രൂപയാണ് ഇവർക്ക് ലഭിക്കുക. പ്രതിവർഷം 46000 കോടി രൂപയാണ് ഇതിനായി മാറ്റിവയ്‌ക്കുക. ഈ മാസം തന്നെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.