പുഴയിലേക്ക് ഒഴുകിപ്പോയത് ഒരു ടാങ്കർ മാത്രം, അർജുൻ്റെ വണ്ടിയല്ല: വെളിപ്പെടുത്തലുമായി ദൃക്സാക്ഷി


കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ(landslide) ദുരന്തത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കാണാതായ അർജുന്റെ ട്രക്ക് ഗംഗാവലി നദിയിലേക്ക് ഒഴുകിപ്പോയത് കണ്ടില്ല. പക്ഷേ ഒരു ടാങ്കർ ലോറി വലിയ ശബ്ദത്തോടെ ഒലിച്ച് പോകുന്നത് കണ്ടു. അങ്കോളയിലെ പഞ്ചർ കടയിൽ തന്റെ വാഹനത്തിന്റെ ടയർ നന്നാകുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. നോക്കിയപ്പോഴാണ് മണ്ണിടിച്ചിലിൽ ടാങ്കർ ഒലിച്ച് പോകുന്നത് കണ്ടത്.

അർജുന്റെ വാഹനം ഒഴുകി പോകാൻ സാധ്യതയില്ലെന്നും സംഭവത്തിന് ദൃക്സാക്ഷിയായ അഭിലാഷ് ചന്ദ്രൻ പറഞ്ഞു. റിപ്പോർട്ടർ ടി.വിയോടാണ് ദൃക്സാക്ഷിയുടെ പ്രതികരണം. റോഡിന്റെ എതിർ വശത്താണ് അർജുന്റെ ട്രക്ക് നിർത്തിയിട്ടിരുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ ഉള്ളത് കൊണ്ട് തന്നെ അതിന് സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു.

അർജുന്റെ വാഹനം നിർത്തിയിട്ടിരിക്കുന്ന തൊട്ടടുത്ത് മറ്റൊരു ടാങ്കർ നിർത്തിയിട്ടിരുന്നു. ആദ്യ മണ്ണിടിച്ചിലിന് പിന്നാലെ അവിടെ നിന്നും ആ ടാങ്കർ സുഹൃത്തായ ഒരു ഡ്രൈവർ മാറ്റിയിട്ടു. ആ സമയം അർജുന്റെ വാഹനം അവിടെയുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വാഹനം മണ്ണിനടിയിൽ പോകാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.

അതേസമയം, അപ്രതീക്ഷിതമായ വലിയ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ ഗംഗാവാലി പുഴയിലെ കൂറ്റൻ മൺകൂനയിൽ ലോറി ഉണ്ടാകാമെന്നാണ് സൈന്യത്തിന്റെ നിഗമനം. തിരച്ചിൽ പുഴയിലേക്ക് ഇന്ന് വ്യാപിപ്പിച്ചേക്കും. ഇതിനിടെയാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളാകും ഷിരൂരിലേക്ക് ഇന്ന് കൊണ്ടുവരുന്നത്.