നിപ ബാധിച്ച് മരിച്ച 14കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു


മലപ്പുറം: നിപ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 11ന് രാവിലെ 6.50ന് ചെമ്പ്രശേരി ബസ് സ്റ്റോപ്പില്‍ നിന്ന് സ്വകാര്യ ബസിലാണ് കുട്ടി പാണ്ടിക്കാട്ടെ ട്യൂഷന്‍ സെന്ററിലേക്ക് പോയത്. പിന്നീട് വീട്ടിലേക്കു വന്നു. പനിബാധിച്ചതിനെ തുടര്‍ന്ന് പിറ്റേന്ന് 8 മണിക്ക് ഓട്ടോയില്‍ അടുത്തുള്ള ക്ലിനിക്കിലെത്തി.

15ന് വീട്ടില്‍നിന്ന് ഓട്ടോയില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ കുട്ടി മരിച്ചു.