കെഎസ്ആർടിസി കണ്ടക്ടറുടെ കൈ ജീപ്പ് ഡ്രൈവർ തല്ലിയൊടിച്ചു: ബസിൽ കയറിയ യാത്രക്കാരെ ജീപ്പിലേക്ക് ഇറക്കി വിടണമെന്ന് ആവശ്യം


മൂന്നാർ: കെ എസ് ആർ ടി സി കണ്ടക്ടറുടെ കൈ ജീപ്പ് ഡ്രൈവർ തല്ലിയൊടിച്ചു. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസ് (39) ആണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേ​ഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കെ എസ് ആർ ടി സി ബസിൽ കയറിയ യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിലുണ്ടായ തർക്കത്തെ തുടർന്നാണ് ജീപ്പ് ഡ്രൈവർ കെ എസ് ആർ ടി സി കണ്ടക്ടറെ ആക്രമിച്ചത്.

ഞായറാഴ്ച രാത്രി 9.30 ന് പോസ്റ്റ് ഓഫിസ് കവലയിലാണ് സംഭവം. മൂന്നാറിൽ നിന്നു തേനിക്കു പോകുന്നതിനായി ബസിൽ കയറിയ യാത്രക്കാരെ ട്രിപ് ജീപ്പിൽ കൊണ്ടുപോകുന്നതിനായി ഇറക്കിവിടണമെന്ന് മദ്യലഹരിയിലായിരുന്ന ടാക്സി ജീപ്പ് ഡ്രൈവർ ആവശ്യപ്പെട്ടു.

എന്നാൽ ഇതു സമ്മതിക്കാതിരുന്ന ജോബിനെ ജീപ്പ് ഡ്രൈവർ ബസിനകത്തു കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ജോബിന്റെ ഇടതു കൈ ഒടിഞ്ഞു. ആക്രമണത്തിനു ശേഷം ഇയാൾ ജീപ്പുമായി ദേവികുളം ഭാഗത്തേക്ക് കടന്നു. നാട്ടുകാരാണ് ജോബിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെത്തുടർന്ന് ബസിന്റെ സർവീസ് മുടങ്ങി. പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടക്ടറെ ആക്രമിച്ച ജീപ്പ് ഡ്രൈവർ ഒളിവിലാണ്.