തൃശൂര്‍: തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്. കൊണ്ടോട്ടിയില്‍ ശക്തമായ കാറ്റില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകിവീണു. മൂന്ന് വാഹനങ്ങൾ തകര്‍ന്നു. എയര്‍പോര്‍ട്ട് കാര്‍ഗോ കോംപ്ലക്‌സിന് സമീപമാണ് സംഭവം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സമീപത്തെ കടകളിലേക്ക് പോയ സമയത്താണ് മരം വീണത്.
കോട്ടയ്ക്കല്‍ ഒതുക്കുങ്ങലില്‍ കനത്തകാറ്റില്‍ വഴിയരികില്‍ നിന്ന മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. അടുക്കള പൂര്‍ണമായി തകര്‍ന്നു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലത്ത് സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകിവീണു.
ഉച്ചയോടെയാണ് തൃശൂര്‍ എരുമപ്പെട്ടി, കണ്ടന്നൂര്‍, കുന്നംകുളം മേഖലകളിൽ ചുഴലിക്കാറ്റ് വീശിയത്. ഒട്ടേറെ മരങ്ങള്‍ കടപുഴകിവീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണും മറ്റും വന്‍ നാശനഷ്ടം ഉണ്ടായി.
പാലക്കാട് മലയോര മേഖലകളിലാണ് ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം ഉണ്ടാക്കിയത്. കൊല്ലങ്കോട്ട് ബസ് സ്‌റ്റേഷന് സമീപം കടയുടെ മേൽക്കൂര ഇളകി വീണു. മുതലമടയില്‍ സ്വകാര്യ ബസിന് മുകളിലേക്കും പച്ചക്കറി കടയിലേക്കും മരംവീണു. നെല്ലിയാമ്പതി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.