ലക്നൗ: അയോധ്യയില്‍ കൂട്ടബലാത്സംഗ കേസിലെ പ്രതിയുടെ ബേക്കറി കട നിലംപരിശാക്കി യുപി സര്‍ക്കാര്‍. ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരില്‍ കണ്ടതിനുപിന്നാലെയാണ് കേസിലെ മുഖ്യപ്രതിയായ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ കട പൊളിച്ചു നീക്കിയത്.
രണ്ട് മാസം മുമ്പാണ് ബേക്കറി ഉടമ മൊയ്ദ് ഖാനും ജീവനക്കാരനായ രാജു ഖാനും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 30ന് ഇരുവരെയും പുരകലന്ദര്‍ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് 12കാരിയായ പെണ്‍കുട്ടിയെ യോഗി ആദിത്യനാഥ് നേരില്‍ കണ്ടത്. കേസില്‍ അന്വേഷണം വൈകിപ്പിച്ചതിന് രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് പ്രതിയുടെ കട പൊളിച്ചു നീക്കാന്‍ നടപടി ഉണ്ടായത്. പ്രതികളുടെ മറ്റു പല കെട്ടിടങ്ങളും പൊളിക്കാനിടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൊയ്ദ് ഖാന് സമാജ്വാദി പാര്‍ട്ടിയില്‍ നിന്നുള്ളയാളും അയോധ്യ എംപിയുടെ അടുപ്പക്കാരനുമാണ്. 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.