ഷെയ്ഖ് ഹസീനയുടെ സുരക്ഷയ്ക്കായി ഇന്ത്യ ഒരുക്കിയത് കനത്ത സന്നാഹങ്ങള്‍: അകമ്പടിയായി രണ്ട് റഫാല്‍ യുദ്ധ വിമാനങ്ങള്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്‌തെത്തിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സുരക്ഷയ്ക്കായി ഇന്ത്യ ഒരുക്കിയത് കനത്ത സന്നാഹങ്ങള്‍. ഷെയ്ഖ് ഹസീനയുടെ സൈനിക വിമാനം ധാക്കയില്‍നിന്ന് ഇന്ത്യയെ ലക്ഷ്യമാക്കി പുറപ്പെട്ടെന്ന വിവരം ലഭിച്ചതോടെ ദ്രുതഗതിയിലായിരുന്നു നീക്കങ്ങള്‍.
തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ബംഗ്ലാദേശില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി താഴ്ന്നുപറന്ന വിമാനം വ്യോമസേനയുടെ റഡാറില്‍ പതിഞ്ഞത്. ഹസീനയുടെ വിമാനമാണെന്ന് തിരിച്ചറിഞ്ഞ വ്യോമസേന ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ആകാശത്തേക്ക് കടക്കാന്‍ വിമാനത്തിന് അനുമതി നല്‍കി. വിമാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തിലെ 101 സ്‌ക്വാഡ്രനില്‍നിന്ന് രണ്ട് റഫാല്‍ യുദ്ധവിമാനങ്ങളെ അയയ്ക്കാന്‍ ഉടനടി നിര്‍ദേശമെത്തി. ബിഹാറിലും ജാര്‍ഖണ്ഡിലുമായി ഇവ വിമാനത്തിന് സുരക്ഷയൊരുക്കി
വ്യോമസേന ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഈ സമയം ഇന്റലിജന്‍സ് ഏജന്‍സി മേധാവിമാരുമായും ജനറല്‍ ദ്വിവേദി, ലഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ ഫിലിപ്പ് മാത്യു എന്നിവര്‍ ഉന്നതതലയോഗം ചേര്‍ന്നു. വൈകിട്ട് 5.45ന് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ എത്തി. പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യോമാസ്ഥാനത്തെത്തി ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
ബംഗ്ലാദേശിലെ സാഹചര്യവും ഭാവി നീക്കങ്ങളും ഡോവലിനെ ഹസീന അറിയിച്ചെന്നാണ് വിവരം.