കനത്ത ജാഗ്രതയില്‍ ഇന്ത്യ:ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു


ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ കലാപസാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെ ഇന്ത്യ. ബംഗ്ലാദേശ് സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ സ്ഥിതിഗതികള്‍ വിശദീകരിക്കും.

ബംഗ്ലാദേശുമായുള്ള അതിര്‍ത്തിയില്‍ ബിഎസ്എഫ് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബരാക് താഴ്വരയില്‍ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേര്‍ന്ന് സുരക്ഷ ശക്തമാക്കി. അസം 265.5 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററുമാണ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നത്.

അതിര്‍ത്തിയില്‍ പട്രോളിങ് ശക്തമാക്കി. പ്രധാന ചെക്ക്‌പോസ്റ്റായ പെട്രാപോള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു. ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍ അനുവാദം നല്‍കി. സൈനിക വിഭാഗങ്ങളുടെ തലവന്മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സമൂഹത്തിലെ പൗരപ്രമുഖര്‍ എന്നിവരുമായി പ്രസിഡന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.