ചെറുതോണി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിലയിരുത്തലുകൾക്കായി മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമ്മിച്ച രാജ്യത്തെ രണ്ടാമത്തെ ഡാമായ തുംഗഭദ്രയുടെ ഷട്ടർ തകർന്നതോടെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിച്ചിട്ടുണ്ട്.
രാജ്യത്ത് കോൺക്രീറ്റില്ലാതെ നിർമിച്ച രണ്ട് വലിയ അണക്കെട്ടുകളാണ് മുല്ലപ്പെരിയാറും തുംഗഭദ്രയും. ചെളിയും ചുണ്ണാമ്പുകല്ലും ചേർന്ന സുർക്കി മിശ്രിതം ഉപയോഗിച്ചാണ് ഇവ രണ്ടും നിർമിച്ചത്. ഇടുക്കി കളക്ട്രേറ്റിലാണ് ഇന്ന് യോഗം ചേരുന്നത്. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും. ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെൻറിൽ ഉന്നയിച്ചിരുന്നു.
ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറിലേത് ഗ്രാവിറ്റി ഡാമാണ്. അടിയിൽ വീതി വളരെ കൂടുതലും മുകളിലേക്കു വീതികുറഞ്ഞും വരുന്ന രീതിയിൽ നിർമിച്ച ഭാരാശ്രിത ഡാമാണിത്.