കുഞ്ഞു ജനിച്ചപ്പോള്‍ കരഞ്ഞെന്ന് ഡോണ പറഞ്ഞെന്ന് ഡോക്ടര്‍: ഡോണയേയും കാമുകനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് പൊലീസ്


ആലപ്പുഴ: തകഴിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുഞ്ഞു ജനിച്ചപ്പോള്‍ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുന്നതിനിടെയാണ് ഡോക്ടറുടെ മൊഴി.

കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറയില്‍ ഡോണ ജോജി (22), തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24) എന്നിവരെയും മറവു ചെയ്യാന്‍ സഹായിച്ച തകഴി ജോസഫ് ഭവനില്‍ അശോക് ജോസഫ് (30)നെയും ആലപ്പുഴ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോണയെ മജിസ്‌ട്രേട്ട് അവിടെയെത്തിയാണു റിമാന്‍ഡ് ചെയ്തത്.

ജനിച്ചു മണിക്കൂറുകള്‍ കഴിഞ്ഞാണു കുഞ്ഞിനെ ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അതുവരെ കുഞ്ഞിനെ സണ്‍ഷൈഡില്‍ സ്റ്റെയര്‍ കേസിന് അടുത്ത് ഒളിപ്പിച്ചു വയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. പോളിത്തീന്‍ കവറിലാക്കിയാണു കൊടുത്തുവിട്ടത്. അപ്പോള്‍ ജീവനുണ്ടായിരുന്നെന്നു ഡോണയും മൃതദേഹമായിരുന്നെന്നു തോമസും മൊഴി നല്‍കി. പ്രതികളെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂ എന്നും അന്വേഷണസംഘം പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണു ഡോണ വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. അന്ന് അര്‍ധരാത്രിക്കു ശേഷം തോമസ് ജോസഫ് സുഹൃത്ത് അശോകുമൊത്ത് എത്തി കുഞ്ഞിന്റെ ജഡം കൊണ്ടുപോയി മറവു ചെയ്‌തെന്നാണു പ്രതികളുടെ മൊഴി. രക്തസ്രാവവും വയറുവേദനയും മൂലം രണ്ടു ദിവസത്തിനു ശേഷം ഡോണ ചികിത്സ തേടി. പരിശോധനയില്‍ പ്രസവ വിവരം പുറത്തായി. തുടര്‍ന്നു പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു മറ്റു രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലായത്.