ലക്നൗ: ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറില്‍ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ധര്‍മ്മേന്ദ്രകുമാര്‍ പിടിയില്‍. കൊല്ലപ്പെട്ടത് നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ്. ജൂലൈ 30ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തത് രണ്ട് ദിവസം മുന്‍പ് ഉത്തര്‍പ്രദേശിലാണ്.
ഉത്തരാഖണ്ഡ് നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലെ 33-കാരിയായ നഴ്സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് നഴ്സിന്റെ മൃതദേഹം കണ്ടെടുത്തത്. ജൂലായ് 30-ന് വൈകുന്നേരം ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് സഹോദരി തൊട്ടടുത്ത ദിവസം രുദ്രാപുര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഒടുവില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ദിബ്ദിബ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. യുവതിയുടെ കാണാതായ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ധര്‍മേന്ദ്ര എന്നയാളാണ് ക്രൂര കൃത്യം നടത്തിയത്. രാജസ്ഥാനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം സ്കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.