ക്യാൻസറിന് പുകവലി മാത്രമല്ല മദ്യപാനവും കാരണം: 7 തരം ക്യാൻസറിന് സാധ്യത


പുകവലി മാത്രമല്ല മദ്യപാനവും ക്യാൻസർ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ.യുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. പുകവലി, അണുവികിരണം, ആസ്ബസ്റ്റോസ് എന്നിവയാണ് പട്ടികയില്‍ മറ്റുള്ളവ. കുറഞ്ഞ അളവിലെ മദ്യപാനം സുരക്ഷിതമെന്ന് സ്ഥാപിക്കുന്ന പഠനങ്ങളൊന്നുമില്ല.

അളവു കൂടിയാലും കുറഞ്ഞാലും അപകടംതന്നെയാണ്. ആല്‍ക്കഹോള്‍ ശരീരത്തില്‍ വിഘടിച്ച് ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡാണ് കാന്‍സറിന് കാരണമാവുന്നത്. അത് കോശങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കും. ഡി.എന്‍.എ.ക്കും പ്രോട്ടീനിനും നാശമുണ്ടാക്കും. അവയങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരങ്ങളെ നശിപ്പിക്കും. മദ്യം ഏഴു കാന്‍സറുകള്‍ക്ക് പ്രേരകമാവുന്നെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പറയുന്നത്.

വന്‍കുടലും മലാശയവും, കരള്‍, കണ്ഠനാളവും (ഫാരിങ്ങ്‌സ്) ശബ്ദനാളവും(ലാരിങ്ങ്‌സ്), അന്നനാളം, വായ, പാന്‍ക്രിയാസ്, സ്തനം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് ഇതില്‍പ്പെടുന്നത്. ലിവര്‍ സിറോസിസ്, ജീവിതശൈലി രോഗങ്ങള്‍, മദ്യത്തോടുള്ള വിധേയത്വം, ആത്മഹത്യ എന്നിവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയും ഉണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 20-39 പ്രായക്കാരില്‍ 13.5 ശതമാനം മരണത്തിന് വഴിവെക്കുന്നത് മദ്യപാനം. മദ്യപാനംമൂലം വര്‍ഷം 7,40,000 പുതിയ അര്‍ബുദരോഗികളാണുള്ളത്.