രാഷ്ട്രീയസമ്മർദം കടുത്തു: രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കുമെന്ന് സ്ഥിരീകരണം, ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചു
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനൊപ്പം രാഷ്ട്രീയസമ്മർദംകൂടി കടുത്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനത്ത് നിന്ന് ഉടൻ രാജിവെക്കുമെന്ന് സ്ഥിരീകരണം. രഞ്ജിത്ത് ഈ കാര്യം ചലച്ചിത്ര അക്കാദമി അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഉടൻ രാജി കത്ത് കൈമാറുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്.
രഞ്ജിത്തിനെ പുറത്താക്കണമെന്ന് മുതിർന്ന സി.പി.ഐ. നേതാവ് ആനി രാജ തുറന്നടിച്ചു. മാറ്റി നിർത്തി അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായിറങ്ങി.