കഴക്കൂട്ടത്ത് നിന്നു കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്തു നിന്ന് തിരികെയെത്തിച്ചു: സിഡബ്ല്യുസി സംരക്ഷണത്തിലേക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിയായ പെണ്‍കുട്ടിയെ തിരികെയെത്തിച്ചു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ പ്രത്യേക ഷെല്‍ട്ടറിലേക്ക് മാറ്റും. നാളെ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കും.അതേസമയം ഫോണില്‍ വിളിച്ച് കുട്ടിയുമായി സംസാരിച്ചുവെന്നും അസമില്‍ പോകണമെന്നാണ് കുട്ടി പറഞ്ഞതെന്നും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം പറഞ്ഞു.
ഇക്കാര്യം വിശദമായി സംസാരിക്കുമെന്നും കുട്ടിയെ ഇന്ന് രാത്രി ശിശുക്ഷേമ സമിതിയില്‍ താമസിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം വിശാഖപട്ടണത്തിലെത്തിയ പൊലീസ് സംഘമാണ് കുട്ടിയെ ഏറ്റെടുത്തത്. കഴക്കൂട്ടത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതലാണ് കാണാതായത്.
അയല്‍വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. പിന്നാലെ ജോലിക്ക് പോയ മാതാപിതാക്കള്‍ കുട്ടി വീടുവിട്ടിറങ്ങിയെന്ന വിവരമറിയുന്നത് ഏറെ വൈകിയാണ്. സംഭവത്തിന് പിന്നാലെ നാല് മണിയോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.