ലൈംഗികാരോപണം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് ആ സമയത്ത് പരാതി കൊടുത്തില്ല?യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നേഹ ആര്‍.വി


തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയാകുന്നതിനിടെ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി നടിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സ്നേഹ ആര്‍ വി. ലൈംഗികാരോപണം ഉന്നയിക്കുന്ന സ്ത്രീകള്‍ എന്തുകൊണ്ട് അത് നടന്ന സമയത്ത് പരാതി കൊടുത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്നേഹ ആര്‍ വി ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചു.

സ്വന്തം ശരീരം സൂക്ഷിക്കേണ്ടത് സ്ത്രീകളാണ്. സിനിമയില്‍ നിന്ന് എനിക്ക് യാതൊരു മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ല. അന്നേ അവര്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാമായിരുന്നെന്നും ഇങ്ങനെയൊരു അവസരം വേണ്ടെന്ന് ആ സ്ത്രീകള്‍ക്ക് പറയാമായിരുന്നില്ലേ എന്നും സ്നേഹ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന നിലയ്ക്കല്ല സിനിയില്‍ അഭിനയിച്ച ഒരു വ്യക്തി എന്ന നിലയിലാണ് താന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് വിശദീകരിച്ചാണ് സ്നേഹയുടെ വീഡിയോ. അന്ന് തടയാതിരുന്ന സ്ത്രീകള്‍ ഞങ്ങള്‍ കുറച്ച് അഡ്ജസ്റ്റ് ചെയ്താല്‍ നല്ല അവസരം കിട്ടുമെന്ന് ചിന്തിച്ചില്ലേ എന്നും സ്നേഹ ചോദിക്കുന്നു. നാട്ടില്‍ മാന്യമായ എന്തെല്ലാം ബിസിനസുകളുണ്ട്? ഇങ്ങനെ ചാന്‍സ് വേണ്ടെന്നും പരാതിപ്പെടാമെന്നും അന്ന് ഈ സ്ത്രീകളും തീരുമാനിച്ചില്ലല്ലോ എന്ന് സ്നേഹ ചോദിച്ചു.

 

ഇന്നും തെളിവുകളുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാന്‍ ഈ നടിമാര്‍ തയാറാകാത്തതെന്തെന്ന് സ്നേഹ ചോദിച്ചു. സ്ത്രീകളുടെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ നീതിന്യായ വ്യവസ്ഥ നമുക്കൊപ്പം തന്നെ നില്‍ക്കും. ഇത്തരം വെളിപ്പെടുത്തലുകള്‍ മൂലം പൊതുസമൂഹം സിനിമാ മേഖലയെ മുഴുവന്‍ മോശമായി കാണാനിടയാക്കുന്നു. മാന്യമായാണ് താന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പുതുതലമുറയ്ക്ക് തെറ്റിദ്ധാരണയുണ്ടാക്കരുതെന്നും സ്നേഹ ആര്‍ വി കൂട്ടിച്ചേര്‍ത്തു.