മോദിയുടെ ഏകീകൃത പെന്‍ഷന്‍ പദ്ധതി: ഇത് ഇന്ത്യന്‍ ചരിത്രത്തിലെ നാഴികക്കല്ല്


ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) ഇന്ത്യന്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സാമ്പത്തിക സ്ഥിരത കൂടി കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സുരക്ഷിതമായ സമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹകരണ ഫെഡറലിസത്തെ ശക്തിപ്പെടുത്താനും പദ്ധതി സഹായകമാണ്.

വിരമിച്ചവര്‍ക്ക് അവരുടെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50% പെന്‍ഷനായി ലഭിക്കുന്നുവെന്ന് യുപിഎസ് ഉറപ്പാക്കുന്നു, ഇത് ഉറപ്പും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സ്ഥാപിച്ച പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ കാതലായ തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ ഉറപ്പ് നല്‍കുന്നത്. പെന്‍ഷന്‍ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നതിലൂടെ, ജീവനക്കാരുടെ ആനുകൂല്യങ്ങളെ ധനപരമായ ഉത്തരവാദിത്തവുമായി സന്തുലിതമാക്കുന്ന ഒരു സുസ്ഥിര മാതൃക യുപിഎസ് സൃഷ്ടിക്കുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിച്ച പഴയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് യുപിഎസ്. എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഈ നീക്കത്തെ സാമ്പത്തിക നിരുത്തരവാദത്തിന്റെ ഉദാഹരണമായാണ് വിമര്‍ശിക്കപ്പെടുന്നത്. ഇത്തരം തീരുമാനങ്ങളുടെ ഗുരുതരമായ ആഘാതത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പഴയ പദ്ധതിയിലേക്ക് മാറുന്നത് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ളതിനേക്കാള്‍ നാലിരട്ടി കൂടുതലായിരിക്കും ഇതെന്നുമാണ് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്. യുപിഎസിന്റെ ഏറ്റവും ഗുണകരമായ വശം സുപ്രധാന മൂലധന നിക്ഷേപങ്ങള്‍ നടത്താന്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളെ പദ്ധതി അനുവദിക്കുന്നുവെന്നതാണ്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിവേകപൂര്‍ണ്ണമായ ബദല്‍ കൂടിയാണിത്. യുപിഎസില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 18.5 ശതമാനമാണ്. ജീവനക്കാരുടെ വിഹിതം 10 ശതമാനവും. വാഗ്ദത്ത പെന്‍ഷനും പെന്‍ഷന്‍ ഫണ്ട് സമ്പാദിക്കുന്നതും തമ്മിലുള്ള വ്യത്യാസം നികത്തി പെന്‍ഷന്‍കാരുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇതുവഴി സാധിക്കുന്നു.

മാത്രമല്ല, സുസ്ഥിര പെന്‍ഷന്‍ മാതൃക സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് യുപിഎസ് സഹകരണ ഫെഡറലിസത്തെ പ്രോത്സാഹിപ്പിക്കുന്നു. യുപിഎസിനെ സ്വീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിരതയെ അപകടപ്പെടുത്താതെ അടിസ്ഥാന സൗകര്യ, സാമൂഹിക ക്ഷേമ പരിപാടികളില്‍ നിക്ഷേപം തുടരാം. ബജറ്റിന് പുറത്തുള്ള വായ്പകള്‍ തടയുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ സുതാര്യതയിലും ധനപരമായ വിവേകത്തിലും മോദി ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സഹകരണ ഫെഡറലിസത്തിന്റെ അടിത്തറയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

ചുരുക്കത്തില്‍, സാമ്പത്തിക വളര്‍ച്ചയെ സാമൂഹിക സുരക്ഷയുമായി സന്തുലിതമാക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധത യുപിഎസ് ഉള്‍ക്കൊള്ളുന്നു. ഇത് വെറുമൊരു പെന്‍ഷന്‍ പരിഷ്‌കരണം മാത്രമല്ല; ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കും അവിടുത്തെ ജനങ്ങള്‍ക്കും സമൃദ്ധമായ ഭാവിക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള് ഉണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള വിശാലമായ തന്ത്രമാണിത്. രാജ്യം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, ഈ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും ദശലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കുന്നതിലും യുപിഎസ് നിര്‍ണായക പങ്ക് വഹിക്കും.