വാഷിംഗ്ടണ്‍ ഡിസി: ‘ ഒരു ഭൂമി ഒരു ആരോഗ്യം’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയില്‍ ക്വാഡ് കാന്‍സര്‍ മൂണ്‍ഷോട്ട് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി സെര്‍വിക്കല്‍ കാന്‍സര്‍ ചെറുക്കുന്നതിനായി സാമ്പിള്‍ കിറ്റുകള്‍, ഡിറ്റക്ഷന്‍ കിറ്റുകള്‍, വാക്സിനുകള്‍ എന്നിവയ്ക്ക് 7.5 മില്യണ്‍ ഡോളര്‍ സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചു.
ഡെലവെയറില്‍ നടന്ന കാന്‍സര്‍ മൂണ്‍ഷൂട്ട് പരിപാടിയില്‍ ഗര്‍ഭാശയ അര്‍ബുദത്തെ തടയാന്‍ ഇന്ത്യ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനായി രോഗം നിര്‍ണയിക്കേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ക്വാഡ് കാന്‍സര്‍ മൂണ്‍ഷൂട്ട് സംഘടിപ്പിച്ചതില്‍ ജോ ബൈഡന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. കാന്‍സറിനെതിരെയുള്ള കൂട്ടായ പോരാട്ടമാണിതെന്നും സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍, എന്നാല്‍ ഗുണനിലവാരമുള്ള ചികിത്സകളും ലഭ്യമാക്കാന്‍ ഇത്തരം പരിപാടികള്‍ അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.