യുദ്ധം ഹിസ്ബുള്ളയ്ക്കെതിരെ മാത്രം, ജനങ്ങൾ ദയവായി ഒഴിഞ്ഞു പോകണം: ലെബനനോട് ബെഞ്ചമിൻ നെതന്യാഹുവിന്റെ അഭ്യർത്ഥന


ഹിസ്ബുള്ളയ്ക്കെതിരെ യുദ്ധം ശക്തമാക്കിയതിന് പിന്നാലെ ലെബനന്റെ തെക്കൻ പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം ഹിസ്ബുള്ളയ്ക്കെതിരെയാണെന്നും ലെബനനെതിരെയോ അവിടുത്തെ ജനങ്ങൾക്കെതിരെയോ അല്ലെന്നും വീഡിയോ സന്ദേശത്തിൽ നെതന്യാഹു വ്യക്തമാക്കുന്നു. ഇപ്പോൾ പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകണമെന്നും ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി അവസാനിക്കുന്നതോടെ ജനങ്ങൾക്ക് സുരക്ഷിതരായി അവരവരുടെ വീടുകളിലേക്ക് മടങ്ങിയെത്താമെന്നും നെതന്യാ​ഹു വ്യക്തമാക്കി.

ഇപ്പോൾ പ്രദേശത്തുനിന്ന് ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുന്നതോടെ നിങ്ങൾക്ക് സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താം. ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഹിസ്ബുള്ള ഉയർത്തുന്നത്. നിങ്ങളുടെ വീട്ടിലെ മുറികളിലും ഗ്യാരേജിലും അവർ മിസൈലുകളും റോക്കറ്റുകളും വയ്ക്കുന്നു. – വ്യോമാക്രമണത്തിനുശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതങ്ങളിൽ കൈകടത്താൻ ഹിസ്ബുള്ളയെ അനുവദിക്കരുതെന്നും വീഡിയോ സന്ദേശത്തിൽ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ മരിച്ചിരുന്നു. 2006-ലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേർ ആക്രമണത്തിൽ മരിക്കുന്നത് ഇപ്പോഴാണ്. ആയിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വ്യോമാക്രമണത്തിന് പിന്നാലെയാണ് വീഡിയോ സന്ദേശം പുറത്തുവിട്ടത്.

വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഉത്തരവിട്ടിരുന്നു. തെക്കുള്ള തുറമുഖനഗരമായ സീദോനിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും തലസ്ഥാനമായ ബയ്റുത്തിലേക്ക് ഒഴിഞ്ഞുപോകുന്നവരുടെ വാഹനങ്ങൾകൊണ്ട് റോഡുകൾ നിറഞ്ഞു. 2006-ലെ ഹിസ്ബുള്ള-ഇസ്രയേൽ യുദ്ധത്തിനുശേഷമുള്ള ഏറ്റവുംവലിയ പലായനമാണിത്.

ലെബനനിലെ സ്‌കൂളുകളും സർവകലാശാലകളും അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തെക്കുനിന്ന് പലയാനം ചെയ്യുന്നവർക്കായി അഭയകേന്ദ്രങ്ങൾ സജ്ജമാക്കിത്തുടങ്ങിയതായി സർക്കാർ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ തെക്കൻ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിർദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.