വിവാഹ പാര്‍ട്ടിക്ക് മുന്‍പ് കുളിക്കാനെത്തി, കുളിമുറിയിലെ അലങ്കാര തിരിയില്‍ നിന്ന് വസ്ത്രത്തില്‍ തീ പടര്‍ന്നു
സ്‌പെയിന്‍: സുഹൃത്തിന്റെ വിവാഹത്തിനെത്തി കുളിമുറിയിലെ മെഴുകുതിരിയില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് യുവതി ചികിത്സയില്‍. സ്‌പെയിനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ നെര്‍ജയിലാണ് സംഭവം. അയര്‍ലാന്‍ഡ് സ്വദേശിനിയായ 29കാരിക്കാണ് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നത്. വിവാഹ വിരുന്നിന് മുന്നോടിയായി താമസിച്ചിരുന്ന അതിഥി മന്ദിരത്തിലെ കുളിമുറിയിലാണ് അപകടമുണ്ടായത്. കുളിമുറിയില്‍ നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട വിവാഹത്തിനെത്തിയ മറ്റുള്ളവരാണ് അപകടം പൊലീസിനെ അറിയിച്ചത്.
പൊലീസ് എത്തിയപ്പോഴേയ്ക്കും പൊള്ളലേറ്റ് യുവതി അബോധാവസ്ഥയിലായിരുന്നു. നെര്‍ജയിലെ ഈസ്റ്റേണ്‍ കോസ്റ്റ ഡേല്‍ സോള്‍ റിസോട്ടില്‍ വച്ചാണ് അപകടമുണ്ടായത്. മാലഗയിലെ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്ന് പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ സെവില്ലേയിലെ പൊള്ളല്‍ ചികിത്സാ വിഭാഗത്തിലേക്ക് യുവതിയെ മാറ്റിയിരിക്കുകയാണ്.
ഡെസ്റ്റിനേഷന്‍ വെഡിംഗ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബാല്‍കണ്‍ ഡേ യൂറോപായില്‍ വച്ചായിരുന്നു യുവതിയുടെ സുഹൃത്തിന്റെ വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ അപാര്‍ട്ട്‌മെന്റിലെ ടെറസില്‍ പാര്‍ട്ടി നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. യുവതിയുടെ പരിക്കിനേക്കുറിച്ച് നിലവില്‍ പ്രതികരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്നാണ് ഡോക്ടര്‍മാര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വിശദമാക്കി.