ലക്നൗ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും താഴെവീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി പോലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നം. രാത്രിയെ വകവയ്ക്കാതെ ഉദ്യോഗസ്ഥര്‍ 16 കിലോമീറ്റര്‍ ദൂരം കാല്‍നടയായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് എട്ടുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വീഴ്ചയില്‍ ശരീരത്തിനേറ്റ ചെറിയ പരിക്കുകള്‍ ഒഴിച്ചാല്‍ കുട്ടി സുരക്ഷിതയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടി ലളിത്പൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി.
മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ ട്രെയിനിന്റെ എമര്‍ജന്‍സി വിന്‍ഡോയിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. അപകടം നടന്ന ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകരമായത്. ഉത്തര്‍പ്രദേശ് പോലീസാണ് തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ രക്ഷാപ്രവര്‍ത്തന വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കുട്ടിയെ എടുത്തു കൊണ്ട് നില്ക്കുന്ന ദൃശ്യങ്ങള്‍ കാണാം.
എട്ടുവയസ്സുകാരിയുടെ ജീവന് രക്ഷിക്കാനായി പരിശ്രമിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും, റെയില്‍വേ ഉദ്യോഗസ്ഥരെയും ജിആര്‍പി ജാന്‍സി അഭിനന്ദിച്ചു. കുട്ടി ട്രെയിനില്‍ നിന്നും വീണുവെന്ന് അറിഞ്ഞ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ നടത്തിയ വേഗത്തിലും ഏകോപനത്തോടും കൂടിയ തിരച്ചിലാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചത്. രാത്രിയെ വകവയ്ക്കാതെ 16 കിലോമീറ്റര്‍ അധികം ദൂരം വിവിധ ടീമുകളായി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ ഒരു ചരക്ക് തീവണ്ടി നിര്‍ത്തി, കുട്ടിയെ അതില്‍ കയറ്റി അതിവേഗം ലളിത്പൂരിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും അര്‍പ്പണബോധത്തെ സമൂഹ മാധ്യമ ഉപയോക്താക്കളും അഭിനന്ദിച്ചു. ഒപ്പം കുട്ടിയുടെ മാതാപിതാക്കളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ചു.