മസ്തിഷ്ക മരണം സംഭവിച്ച യുവാവി​ന്റെ ഹൃദയം നീക്കം ചെയ്യാനൊരുങ്ങവെ, ഓപ്പറേഷൻ ടേബിളിൽ കണ്ണീരോടെ ചാടിയെണീറ്റ് യുവാവ്


മസ്തിഷ്ക മരണം സംഭവിച്ച യുവാവി​ന്റെ ഹൃദയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രീയയ്ക്കൊരുങ്ങുമ്പോൾ യുവാവി​ന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു. ഞെട്ടിത്തരിച്ച ഡോക്ടർമാർ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ഓപ്പറേഷൻ ആരംഭിച്ചപ്പോൾ ടേബിളിൽ നിന്ന് ചാടിയെണീറ്റ് യുവാവ്. യുഎസിലെ ഒരു ആശുപത്രിയിലാണ് മസ്‌തിഷിക മരണം സംഭവിച്ച യുവാവ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്നത്.

2021 ഒക്ടോബറിലാണ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായ തോമസ് ഹൂവർ എന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇയാൾക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

ഇയാളുടെ അവയവങ്ങൾ മറ്റുള്ളവർക്കായി മാറ്റിവയ്‌ക്കാൻ കഴിയുന്നവയാണോ എന്ന് ഡോക്ടർമാർ പരിശോധനകൾ നടത്തിയിരുന്നു. ഹൃദയം മാറ്റിവയ്‌ക്കാനായി തോമസിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി. എന്നാൽ പരിശോധനയ്‌ക്കിടയിൽ ഇയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കണ്ട അവർ ഞെട്ടിപ്പോയി. പരിഭ്രാന്തരായ ഡോക്ടർമാർ ശസ്ത്രക്രിയയിൽ നിന്നും പിന്മാറി. എന്നാൽ ശാസ്ത്രക്രിയയുമായി മുന്നോട്ട് പോകാനായിരുന്നു ആശുപത്രി അധികൃതരുടെ നിർദേശം. തുടർന്ന് മറ്റ് രണ്ട് ഡോക്ടർമാർ കൂടെയെത്തി ശസ്ത്രക്രിയ ആരംഭിച്ചു.

മസ്തിഷ്ക മരണം സംഭവിച്ചതിനാൽ തോമസിന് ചെറിയ അളവിൽ മാത്രമേ അനസ്തേഷ്യ നല്കിയിരുന്നുള്ളു. ശസ്ത്രക്രിയ ആരംഭിക്കുന്നതിനിടെ രോഗി വീണ്ടും കണ്ണ് തുറന്നു. ടേബിളിൽ കിടന്ന തോമസ് വേദനകൊണ്ട് ഞെരിയുകയും പുളയുകയും ചെയ്തു. ഇത്തവണ ഡോക്ടർമാർ ശരിക്കും ഞെട്ടി. ഒട്ടും വൈകാതെ അവർ ശസ്ത്രക്രിയ അവസാനിപ്പിച്ച് രോഗിക്ക് വേണ്ട പരിചരണം നൽകി.

ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ തോമസ് ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോൾ സഹോദരിക്കൊപ്പം താമസിക്കുന്ന യുവാവിന് ഓർമ്മ, നടത്തം, സംസാരം എന്നിവയിലെ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പൂർണമായും സുഖം പ്രാപിച്ചതായി സഹോദരി പറഞ്ഞു.