ഗന്ദര്‍ബാല്‍ ഭീകരാക്രമണം: ഏഴ് പേരുടെ ജീവനെടുത്തത് ലഷ്‌കര്‍ ഭീകരര്‍, ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആര്‍എഫ്



 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ലഷ്‌കര്‍ -ഇ-ത്വയ്ബ. ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദ റെസിസ്റ്റന്‍സ് ഫ്രണ്ടാണ് (ടിആര്‍എഫ്) ആക്രമണം നടത്തിയത്. ടിആര്‍എഫ് മേധാവിയും ശ്രീനഗര്‍ സ്വദേശിയുമായ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് സ്ഥിരീകരിച്ചു.

Read Also: ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ നൃത്തത്തില്‍ അശ്ലീലതയോ: സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച

ഷെയ്ഖ് സജ്ജാദിന്റെ കൂട്ടാളികളായ മറ്റ് മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. പാകിസ്താനില്‍ നിന്നുള്ള സൈഫുള്ള സാജിദ്, സലീം റഹ്മാനി, കശ്മീര്‍ സ്വദേശി ബാസിത് അഹമ്മദ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

കശ്മീരി പണ്ഡിറ്റുകളെയും സിഖുക്കാരെയും കൊലപ്പെടുത്താന്‍ ഭീകരര്‍ ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, നിരവധി കശ്മീരി പണ്ഡിറ്റുകളെ ലഷ്‌കര്‍ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

ഗന്ദര്‍ബാലിലെ ശ്രീനഗര്‍-ലേ ദേശീയ പാതയിലാണ് ഭീകരാക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നിര്‍മിക്കുന്ന തുരങ്കം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വെടിവയ്പ്പില്‍ ഒരു ഡോക്ടറും ആറ് തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജോലിയ്ക്ക് ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് ഭീകരര്‍ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആറോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കേസ് എന്‍ഐഎ സംഘം ഏറ്റെടുത്തിട്ടുണ്ട്.