രാത്രിയായാല്‍ കാലുകളിലെ മസിലില്‍ വലിവുണ്ടാകുന്നോ? കൊളസ്‌ട്രോളാകാം കാരണക്കാരന്‍: ഈ 5 ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ഉയര്‍ന്ന കൊളസ്‌ട്രോള്‍ പലതരം പ്രശ്‌നങ്ങളിലേക്കാണ് ഒരാളെ നയിക്കാറുള്ളത്. ഹൃദ്രോഗം മുതലുള്ള മാരക അസുഖങ്ങള്‍ക്ക് വഴിതുറക്കാവുന്ന ഒന്നാണ് കൊളസ്‌ട്രോളില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങള്‍.
ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉയരുന്നതിനു മുന്‍പായി കാലുകളിലൂടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. മോശം LDL കാലുകളില്‍ കാണിക്കുന്ന 5 ലക്ഷണങ്ങള്‍.
1. കാലുകളിലെയോ പാദങ്ങളിലെയോ അനിയന്ത്രിതമായ മസില്‍ വലിവ്: പെട്ടെന്നുണ്ടാകുന്ന ഇത്തരം മസില്‍ വലിവുകള്‍ ഏറെ വേദനാജനകമായിരിക്കും. പലപ്പോഴും ഉറക്കത്തെ തടസ്സപ്പെടുത്തിയും ഈ മസില്‍ വലിവ് ഉണ്ടാകാം. കാലുകളിലെ ഇടുങ്ങിയ ധമനികളില്‍ രക്തപ്രവാഹം കുറയുന്നതിനാലാണ് ഇത്തരം വേദന ഉണ്ടാകുന്നത്. ഇടയ്ക്കിടെ ഇത്തരത്തില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം നല്ലൊരു ഡോക്ടറെ സമീപിക്കുന്നത് ഉചിതമായിരിക്കും.
2. കാലുകളിലെ മരവിപ്പ് അല്ലെങ്കില്‍ ഇക്കിളി: നിങ്ങളുടെ കാലുകളില്‍ ഇടയ്ക്കിടെ മരവിപ്പ് അല്ലെങ്കില്‍ ഇക്കിളി ഉണ്ടാകുന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു അസാധാരണ ലക്ഷണമാണ്. പലപ്പോഴും നമുക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായിരിക്കും ഇത്തരം മരവിപ്പുകള്‍. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാരണമുള്ള ശരീരത്തിലെ മോശം രക്തചംക്രമണം ആയിരിക്കാം ഈ മരവിപ്പിന് കാരണം. ഇടയ്ക്കിടെ ഇത്തരം അനുഭവം വരുന്നെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ സേവനം തേടണം.
3. കാലുകളിലെ തണുപ്പ്: രാത്രിയില്‍ കാലുകള്‍ക്ക് തണുപ്പ് അനുഭവപ്പെടുന്നതും ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം. ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുമ്പോള്‍, അത് നിങ്ങളുടെ കൈകാലുകളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. അതിന്റെ ഫലമായി പാദങ്ങള്‍ തണുത്തതോ മരവിപ്പുള്ളതോ ആയിത്തീരും. ഈ ലക്ഷണം നിസ്സാരമെന്ന് തോന്നുമെങ്കിലും, ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവുമായി ബന്ധപ്പെട്ടിരിക്കുന്ന രക്തക്കുഴലുകളുടെ പ്രശ്‌നത്തെ ഇത് സൂചിപ്പിക്കുമെന്നതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ അടിക്കടി അനുഭവപ്പെടുന്നവരും ഡോക്ടറുടെ സേവനം തേടണം.
4. കാലുകളിലെ വീക്കം: നിങ്ങളുടെ കാലുകളില്‍ വീക്കം അനുഭവപ്പെടുന്നെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ സൃഷ്ടിക്കുന്ന മോശം രക്തചംക്രമണത്തില്‍ നിന്നും ഉണ്ടാകാനിടയുള്ള ദ്രാവകം കാലില്‍ നിലനില്‍ക്കുന്നതിനാലും ഇത്തരം വീക്കം സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ കാലുകള്‍ വീര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, പ്രത്യേകിച്ച് രാത്രിയില്‍, നിങ്ങളുടെ കൊളസ്‌ട്രോള്‍ അളവ് പരിശോധിക്കേണ്ടതാണ്.
5. ചര്‍മ്മത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍: കാലുകളിലെ ത്വക്കിലെ നിറം മാറ്റങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ മുന്നറിയിപ്പായിരിക്കാം. ചര്‍മ്മത്തിലെ കൊഴുപ്പ് നിക്ഷേപത്തില്‍ നിന്ന് ഉണ്ടാകുന്ന സാന്തോമസ് എന്നറിയപ്പെടുന്ന മഞ്ഞകലര്‍ന്ന പാടുകളോ മുഴകളോ നിങ്ങളില്‍ കണ്ടേക്കാം. രാത്രി വിശ്രമത്തിലായിരിക്കുമ്‌ബോള്‍ ആയിരിക്കും ചര്‍മ്മത്തിലെ ഈ മാറ്റങ്ങള്‍ കൂടുതല്‍ ദൃശ്യമാകുക. ഇത്തരത്തില്‍ ചര്‍മ്മത്തില്‍ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടാലും കൃത്യമായി വൈദ്യോപദേശം തേടണം.