ഹൈദരാബാദ്: ദീപാവലി ആഘോഷിക്കാൻ പടക്കം കൊണ്ടുവരുന്നതിനിടെ പൊട്ടിത്തെറിച്ചു. ഒരാൾക്ക് മരണം സംഭവിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലാണ് അപകടമുണ്ടായത്.
പ്രഹരശേഷി കൂടുതലുള്ള ഉള്ളി ഗുണ്ട് എന്നറിയപ്പെടുന്ന പടക്കം ഇരുചക്രവാഹനത്തിൽ കൊണ്ടുവരുമ്പോഴാണ് പൊട്ടിത്തെറിച്ചത്.പടക്കവുമായി യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയിൽ ചാടിയപ്പോൾ പടക്കം താഴെവീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഉള്ളി ഗുണ്ടുകൾക്ക് പ്രഹര ശേഷി കൂടുതലാണെന്നും ഐഇഡി സ്ഫോടകവസ്തുവിൻ്റെ ശക്തിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. വെള്ള സ്‌കൂട്ടറിൽ രണ്ട് പേർ ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ ഓടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉച്ചയ്ക്ക് 12.17ന് നടന്ന സംഭവത്തിൽ സുധാകർ എന്നയാളാണ് മരിച്ചത്. പരിക്കേറ്റ ആറുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.