ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം നടത്തിയ കനേഡിയൻ ഖാലിസ്ഥാനി പോലീസുകാരനെ സസ്പെൻഡ് ചെയ്തു


ഒട്ടാവ: ഒൻ്റാറിയോയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത കനേഡിയൻ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

ഞായറാഴ്ച ഖാലിസ്ഥാനി പതാകകളുമായെത്തിയ പ്രതിഷേധക്കാർ ഹിന്ദു ക്ഷേത്രത്തിൽ ആളുകളുമായി ഏറ്റുമുട്ടുകയും ക്ഷേത്ര അധികാരികളും ഇന്ത്യൻ കോൺസുലേറ്റും സഹകരിച്ച് സംഘടിപ്പിച്ച കോൺസുലാർ പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തു. ഈ പ്രതിഷേധത്തിൽ ഖാലിസ്ഥാനെ പിന്തുണച്ച് പ്രകടനക്കാർ ബാനറുകൾ കൈകളിലേന്തിയിരുന്നു.

ഈ പ്രതിഷേധക്കാരിൽ ഒരാൾ ഒരു  പോലീസ് ഉദ്യോഗസ്ഥനാണെന്ന് മീഡിയ റിലേഷൻസ് ഓഫീസർ റിച്ചാർഡ് ചിൻ സിബിസി ന്യൂസിന് അയച്ച ഇമെയിലിൽ പറഞ്ഞു. ഇതിനെ തുടർന്നാണ് കമ്മ്യൂണിറ്റി സേഫ്റ്റി ആൻ്റ് പോലീസിംഗ് ആക്‌ട് അനുസരിച്ച് ഈ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.

അതേ സമയം ഞായറാഴ്ച ഹിന്ദു സഭാ മന്ദിർ ക്ഷേത്രത്തിൽ അക്രമം നടത്തിയ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പോലീസ്  പറഞ്ഞു.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തെ ഇന്ത്യ അപലപിച്ചു.

അക്രമത്തിൽ ഏർപ്പെടുന്നവരെ പ്രോസിക്യൂഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.