ന്യൂദൽഹി : ഭാരത് ബ്രാൻഡിൽ ചില്ലറ വിൽപ്പന പദ്ധതിയുമായി സർക്കാർ. സബ്‌സിഡി വിൽപ്പനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് വിൽക്കുന്നത്.
അഞ്ച് കിലോ ഗോതമ്പ് പൊടി കിലോയ്‌ക്ക് 30 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, അരിയും കിലോയ്‌ക്ക് 34 രൂപ നിരക്കിൽ ലഭ്യമാകും. എന്‍സിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നി സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വില്‍പ്പന നടക്കുക. അതേ സമയം ഇത് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ വിൽപ്പനയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഭാരത് ബ്രാൻഡ് റീട്ടെയിൽ വിൽപ്പന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 3.69 ലക്ഷം ടൺ ഗോതമ്പും 2.91 ലക്ഷം ടൺ അരിയും സെൻട്രൽ ഫുഡ് കോർപ്പറേഷൻ വിതരണം ചെയ്യുന്നുണ്ട് . ഇവ തീരുന്നത് വരെ സബ്‌സിഡി നിരക്കിൽ വിൽപ്പന തുടരും. അതിനുശേഷം ആവശ്യമെങ്കിൽ കൂടുതൽ ഗോതമ്പും അരിയും വിൽപ്പനയ്‌ക്കെത്തിക്കും.
റീട്ടെയിൽ വിൽപ്പന പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഒക്ടോബറിൽ ആരംഭിച്ചിരുന്നു. 2024 ജൂൺ വരെ ഭാരത് ബ്രാൻഡിൽ സബ്‌സിഡി വിൽപ്പനയുടെ ആദ്യ ഘട്ടം വൻ വിജയമായാണ് നടന്നത് . അന്ന് ഗോതമ്പ് പൊടി കിലോയ്‌ക്ക് 27.5 രൂപയ്‌ക്കും അരി 29 രൂപയ്‌ക്കും വിറ്റിരുന്നു.
ഒമ്പത് മാസം കൊണ്ട് 15.20 ലക്ഷം ടൺ ഗോതമ്പ് പൊടിയും 14.58 ലക്ഷം ടൺ അരിയും അന്ന് വിതരണം ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.