ദീപാവലി ആഘോഷിക്കാൻ പുതുച്ചേരിയിൽ എത്തിയ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി : നാല് പേർ അറസ്റ്റിൽ
ചെന്നൈ: അമ്മയുമായി വഴക്കിട്ട് പുതുച്ചേരിയിൽ ദീപാവലി ആഘോഷിക്കാനായിട്ടെത്തിയ പതിനാറുകാരിയെ ഏഴുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. മുംബൈയിൽ നിന്നുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
പുതുച്ചേരിയിൽ വന്നിറങ്ങിയ പെൺകുട്ടി ഓട്ടോയിൽ കയറി വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഓട്ടോക്കാരൻ പെൺകുട്ടിയെ തന്റെ വീട്ടിൽ കൊണ്ടുപോവുകയും മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ഓട്ടോക്കാരൻ പിറ്റേ ദിവസം പെൺകുട്ടിയെ ഓറോവില്ലിൽ ഇറക്കിവിട്ടു. റോഡിൽ അലഞ്ഞുനടന്ന പെൺകുട്ടിയെ സൗഹൃദം സ്ഥാപിച്ച് അവിടെ ഉണ്ടായിരുന്ന ഐടി ജീവനക്കാരായ ചില യുവാക്കൾ ചെന്നൈയിലെത്തിച്ച് വീണ്ടും പീഡനത്തിനിരയാക്കി.
പിന്നീട് നവംബർ രണ്ടിന് യുവാക്കൾ പെൺകുട്ടിയെ പുതുച്ചേരി ബീച്ചിന് സമീപം ഇറക്കിവിട്ടു. അവിടെനിന്നാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. പോലീസ് പെട്ടെന്ന് തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മൊഴിയെടുത്തപ്പോഴാണ് പെൺകുട്ടി ക്രൂരപീഡനത്തിനിരയായതായി അറിയുന്നത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതികളിലേക്കെത്തുന്നത്.
പ്രതികളിൽ നാലു പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.