പാലക്കാട് : സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെയോ പാർട്ടിയേയോ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം കാണിക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കൂടാതെ സന്ദീപ് വാര്യറെ മുറുകെ പിടിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനോട് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ വലിയ കസേരകള്‍ ലഭിക്കുമാറാകട്ടെയെന്നും പറഞ്ഞു.
തങ്ങളെ സംബന്ധിച്ചിടത്തോളം സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനം തീർത്തും അപ്രസക്തമായ വിഷയമാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം മണത്തു. യു ഡി എഫ് തകര്‍ന്ന് തരിപ്പണമാകും. ഇതെല്ലാം നേരത്തെ ഉണ്ടാക്കിയ തിരക്കഥയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കോണ്‍ഗ്രസ് കാര്യങ്ങളൊക്കെ ശരിയായി മനസിലാക്കി വരുമ്പോഴേക്കും എല്ലാം പിടികിട്ടും. സുധാകരനും സതീശനും എല്ലാ ആശംസയും നേരുകയാണ്. സന്ദീപ് വാര്യരെ മുറുകെ പിടിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.