ട്രംപ് അധികാരം ഏല്‍ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണം : വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി സര്‍വകലാശാലകള്‍



ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍. ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ജനുവരി 20 ന് തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍, കുടിയേറ്റം എന്നിവ സംബന്ധിച്ച നിരവധി ഉത്തരവുകളില്‍ ഒപ്പുമെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം ട്രംപ് ഭരണകൂട കാലത്ത് തന്നെ കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഇത് വിദേശ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ വെല്ലുവിളിയാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും അധികാരത്തെലെത്തുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാ പ്രതിസന്ധികള്‍ ഇല്ലാതാക്കാനായി സര്‍വകലാശാലകള്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.