സുരേഷ് ​ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം: കള്ളന്മാർ കൊണ്ടുപോയത് പഴയ പാത്രങ്ങളും പൈപ്പുകളും


കൊല്ലം: നടനും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ കുടുംബവീട്ടിൽ മോഷണം. കൊല്ലം മാടൻനടയിലുള്ള സുരേഷ് ​ഗോപിയുടെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന പൈപ്പുകളും പഴയ പാത്രങ്ങളുമാണ് കള്ളന്മാർ കൊണ്ടുപോയത്.

പൂട്ടിക്കിടന്ന വീടിന് സമീപത്തെ ​ഗ്രിൽ ഷെഡിൽ നിന്നാണ് സാധനങ്ങൾ കവർന്നത്. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ ​ഗ്രിൽ തകർത്ത നിലയിൽ കാണുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണോ മോഷണം നടത്തിയതെന്നതിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.