ഓൺലൈൻ ഷെയർ ട്രേഡിംഗ് ചതിയിൽ കറുകുറ്റി സ്വദേശിക്ക് നഷ്ടമായത് 56 ലക്ഷം രൂപ : ഗുജറാത്ത് സ്വദേശിയായ പ്രതി പിടിയിൽ
ആലുവ : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭ വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് അമ്പത്തിയാറ് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ദുബൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക്ക് നീലകാന്ത് ജാനി (49) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപത്തിന് ഒൺലൈൻ ഷയർ ട്രേഡിംഗിലൂടെ വൻ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്. വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു ഓഫർ. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതം നൽകി.
പല അക്കൗണ്ടുകൾ വഴിയാണ് ഇവർ ലാഭമെന്ന പേരിൽ പണം നൽകുന്നത്. ഇങ്ങനെ നൽകുന്നത് ഇതു പോലെ തട്ടിപ്പിനിരയാകുന്നവർ നിക്ഷേപിക്കുന്ന തുകയാണ്. ഇതോടെ തട്ടിപ്പു സംഘം നിക്ഷേപകൻ്റെ വിശ്വാസം ആർജ്ജിച്ചെടുക്കുന്നു. തുടർന്ന് കൂടുതൽ തുക കറുകുറ്റി സ്വദേശി നിക്ഷേപിച്ചു. നിക്ഷേപ തുകയും, കോടികളുടെ “ലാഭവും ” ആപ്പിലെ ഡിസ്പ്ലേയിൽ കാണിച്ചു കൊണ്ടേയിരുന്നു. അത് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, പിൻവലിക്കുന്നതിന് ലക്ഷങ്ങൾ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പുമനസിലായത്.
തുടർന്ന് പരാതി നൽകി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബെയിൽ നാല് കേസുകളുണ്ട്. ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ്.ഐ കെ.എ വിൽസൻ, സീനിയർ സി പി ഒ എം. ആർ മിഥുൻ, സി പി ഒ മുഹമ്മദ് ഷെറീഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒൺലൈൻ ട്രേഡിംഗ്, ഷെയർ ട്രേഡിംഗ് എന്നിവയിലൂടെ നിരവധി പേർക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുനത്. ഇത്തരം തട്ടിപ്പ് ആപ്പുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.