പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി, ഭാര്യ ഗർഭിണി, അവധിയില്ലാതെ ജോലി ചെയ്യേണ്ടി വന്നത് 45 ദിവസത്തോളം


മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കിയത് അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷത്തിലെന്ന് ആരോപണം. വയനാട് സ്വദേശി വിനീത് ആണ് ഇന്നലെ രാത്രിയിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. തുടർച്ചയായ 45 ദിവസത്തോളം അവധിയില്ലാതെയാണ് വിനീത് ജോലി ചെയ്തത്. ​ഗർഭിണിയായ ഭാര്യയെയും മകനെയും കാണാത്തതിലുള്ള മാനസിക സംഘർഷമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു മുപ്പത്തിമൂന്നുകാരനായ വിനീത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. അരീക്കോട് സായുധ പൊലീസ് ക്യാമ്പിലായിരുന്നു വിനീതിന് ജോലി. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കു വെടിയേറ്റ നിലയിലായിരുന്നു. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.

അവധി നൽകാത്തതാണ് മാനസിക സംഘർഷത്തിന് കാരണമെന്നാണ് സൂചന. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തെന്ന് സുഹൃത്തുക്കൾ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് വിവരം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.