അഞ്ചു വയസിൽ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂലകാരണം പോഷകാഹാരക്കുറവാണ്. പോഷകാഹാരക്കുറവുമൂലമുള്ള പ്രത്യാഘാതങ്ങൾ ഗുരുതരവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതും പരിഹരിക്കാനാവാത്തതുമാണ്. ബുദ്ധിവികാസം, വിദ്യാഭ്യാസം എന്നിവയെ വളർച്ചാ മുരടിപ്പ് ദോഷകരമായി ബാധിക്കും. ഉദാസീനത, മന്ദത, കളികളിലും മറ്റു പ്രവൃത്തികളിലും ഏർപ്പെടാനുള്ള താൽപര്യക്കുറവ് എന്നിവയ്ക്ക് ഇതു കാരണമാകുന്നു. 12 മുതൽ 36 മാസങ്ങൾക്കുള്ളിലെ വളർച്ചാ മുരടിപ്പ് കുട്ടികളെ പഠനത്തിൽ പിന്നിലാക്കുന്നു.
ആവശ്യത്തിന് ഭക്ഷണ ലഭ്യതയുണ്ടെങ്കിലും മുലയൂട്ടൽ, പോഷകാഹാരം നൽകൽ, കുഞ്ഞിനെ പരിപാലിക്കൽ എന്നിവയിലെ വീഴ്ചകൾ, ചികിത്സാ സൗകര്യങ്ങൾ ലഭിക്കാതിരിക്കൽ, ശുദ്ധജലം കിട്ടാത്ത അവസ്‌ഥ, വൃത്തിക്കുറവ് എന്നിവ പോഷകാഹാരക്കുറവിന് കാരണമാകുന്നതായി വിവിധ പഠനങ്ങൾ വ്യക്‌തമാക്കുന്നു. ഇതിൽ സമ്പന്നരുടെ കുട്ടികളും ഉൾപ്പെടുന്നു. സാമ്പത്തിക വികസനം പോഷകനില മെച്ചപ്പെടുത്തുമെങ്കിലും മുലയൂട്ടൽ, കുഞ്ഞുങ്ങളുടെ മികച്ച പരിപാലനം, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ചികിത്സ ലഭ്യമാക്കൽ, ശുദ്ധജലം, ശുചിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് പോഷകാഹാരക്കുറവ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.
കുട്ടികളിലെ വളർച്ചാമുരടിപ്പിന്റെ കാരണങ്ങളിലൊന്ന് ചെറുകുടലിനുണ്ടാകുന്ന ഒരു അസുഖമാണ്. എൻവയൺമെന്റൽ എന്ട്രപതി EE എന്നാണ് ഇത് അറിയപ്പെടുന്നത്. ഭക്ഷണം ആഗിരണം ചെയ്യുന്നതിനെ ഇത് ദോഷകരമായി ബാധിക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ ശിശുക്കളുടെയും കുട്ടികളുടെയും വയറ്റിലെത്താതെ തടയുന്നതിലൂടെ ഇത് പ്രതിരോധിക്കാനാവും. കുഞ്ഞിന് പോഷകാഹാരം നൽകൽ, അമ്മമാരിലെ അനീമിയ കുറയ്ക്കൽ, കുഞ്ഞുങ്ങളിലെ രോഗപ്രതിരോധം, മുഴുവൻ പ്രതിരോധ കുത്തിവെപ്പു നൽകൽ, സോപ്പിട്ട് കൈകഴുകൾ എന്നിവയിലൂടെ കേരളത്തിലെ കുട്ടികളിലെ പോഷകാഹാരക്കുറവ് കുറച്ചുകൊണ്ടുവരാനാകും.