കൊച്ചി : ഉമാ തോമസ് എംഎല്‍എക്ക് ഗുരുതരമായി പരുക്കേറ്റ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്. അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണവും പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാനും നിര്‍ദേശിച്ചാണ് മൃദംഗ വിഷന്‍ എന്ന സംഘടനക്ക് കോര്‍പ്പറേഷന്‍ അധികൃതര്‍ നോട്ടീസ് അയച്ചത്.
കലാകാരന്‍മാര്‍ അടക്കം 30,000 പേര്‍ പങ്കെടുത്ത നൃത്ത പരിപാടി ഒരു അനുമതിയും വാങ്ങാതെ നടത്തിയെന്നാണ് കോര്‍പറേഷന്റെ വാദം. രണ്ട് നോട്ടീസാണ് സംഘാടകര്‍ക്ക് കോര്‍പ്പറേഷന്‍ അയച്ചിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്ക് കോര്‍പറേഷന്റെ പിപിആര്‍ ലൈസന്‍സ് നിര്‍ബന്ധമാണ്.
എന്നാല്‍ പിപിആര്‍ ലൈസന്‍സ് എടുക്കാതെയാണ് ഗ്യാലറിയില്‍ സ്റ്റേജ് നിര്‍മിച്ച് പരിപാടി നടത്തിയത്. അതിനാല്‍ ഇക്കാര്യം വിശദീകരിക്കണമെന്നാണ് റവന്യൂ വിഭാഗം നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. രണ്ടാമത്തെ നോട്ടീസ് വിനോദ നികുതി വെട്ടിച്ചതിനാണ്. പരിപാടി കാണാന്‍ എത്തിയവരോട് പണം വാങ്ങി വിറ്റ ടിക്കറ്റുകളുടെ എണ്ണം, ടിക്കറ്റുകളുടെ നിരക്ക്, ലഭിച്ച പണം എത്ര എന്നീ കാര്യങ്ങള്‍ ഹാജരാക്കണമെന്നാണ് രണ്ടാമത്തെ നോട്ടീസിലെ ആവശ്യം.
നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. വയനാട് ആസ്ഥാനമായ സംഘടനയാണ് മൃദംഗവിഷന്‍.