ചൈനയിലെ രോഗവ്യാപനം; അസ്വാഭാവികതയില്ലെന്ന് ലോകാരോഗ്യ സംഘടന


ജനീവ: എച്ച് എം പി വി വൈറസുമായി ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവിക രോഗപകര്‍ച്ച ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പ്രതിനിധി മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കിയത്. വൈറസ് പുതിയതല്ലെന്നും ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ചു. ചൈനയിലെ രോഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടന പ്രതിനിധി വിവരിച്ചത്.

യൂറോപ്പ്, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്, വെസ്റ്റേണ്‍ ആഫ്രിക്ക, മിഡില്‍ ആഫ്രിക്ക എന്നിവിടങ്ങളിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും ഇന്‍ഫ്‌ളുവന്‍സ വര്‍ധിക്കുന്നതായും ഡബ്ല്യു എച്ച് ഒ ചൂണ്ടിക്കാട്ടി. ശൈത്യത്തില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം എച്ച് എം പി വി വൈറസ് കേസുകള്‍ പലിയിടങ്ങളിലായി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും ആശുപത്രികളില്‍ പ്രത്യേക ഐ സി യു വാര്‍ഡുകളടക്കം സജ്ജമാക്കിയിട്ടുണ്ട്. മുന്‍കരുതലായി നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.