ബെയ്ജിംഗ്:ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, സൗരോര്‍ജ്ജം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് ചൈന. ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോര്‍ജസ് ഡാം പദ്ധതി എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ട് പദ്ധതിയെ വിശേഷിപ്പിച്ചത്. പ്രമുഖ ചൈനീസ് റോക്കറ്റ് ശാസ്ത്രജ്ഞനായ ലോംഗ് ലെഹാവോയാണ് ആശയം രൂപപ്പെടുത്തിയത്. ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു കിലോമീറ്റര്‍ വീതിയുള്ള സോളാര്‍ വ്യൂഹം സ്ഥാപിക്കുകയാണ് ലക്ഷ്യം. രാത്രി-പകല്‍ പ്രതിഭാസം ബാധിക്കാതെ മുഴുവന്‍ സമയവും സൗരോര്‍ജം ലഭ്യമാക്കുകയാണ് ലക്ഷ്യം.
പദ്ധതിയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്ന ഊര്‍ജ്ജം ഭൂമിയില്‍ നിന്ന് ലഭിക്കുന്ന ആകെ എണ്ണയുടെ അളവിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ നടത്തിപ്പിന്ന് സൂപ്പര്‍ ഹെവി റോക്കറ്റുകളുടെ വികസനവും വിന്യാസവും ആവശ്യമാണ്. ഇതിനായി ചൈനയുടെ ബഹിരാകാശ സാങ്കേതിക മികവ് വരും വര്‍ഷങ്ങളില്‍ വന്‍ കുതിച്ചുചാട്ടം നടത്തേണ്ടിവരും. റോക്കറ്റിന്റെ പ്രധാന ഉപയോഗം ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോര്‍ജ്ജ നിലയങ്ങളുടെ നിര്‍മ്മാണമായിരിക്കുമെന്നും ലോംഗ് പറഞ്ഞു.