ജയിലില്‍ ബോബി ചെമ്മണ്ണൂരിന് വി.ഐ.പി പരിഗണന നല്‍കിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ



Kerala News


ജയിലില്‍ ബോബി ചെമ്മണ്ണൂരിന് വി.ഐ.പി പരിഗണന നല്‍കിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ വി.ഐ.പി പരിഗണന നല്‍കിയതില്‍ നടപടി.

സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡി.ഐ.ജിയെയും കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കി. റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറിയാണ് നടപടി സ്വീകരിക്കേണ്ടത്.

ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കര്‍ശന നടപടിക്കുള്ള ശുപാര്‍ശ. ജയില്‍ ഡി.ഐ.ജി പി. അജയകുമാര്‍, ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് ശുപാര്‍ശ പരിഗണിക്കുക. സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ആറുമാസം മാത്രം ബാക്കിനില്‍ക്കെയാണ് പി. അജയകുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുന്നത്.

റിപ്പോര്‍ട്ടില്‍ പി. അജയകുമാര്‍ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിലെത്തിയതായി പറയുന്നു. കൂടാതെ ഉദ്യോഗസ്ഥരും ബോബിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.

നേരത്തെ ബോബി ചെമ്മണ്ണൂരിനെ സൂപ്രണ്ടിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും ജയിലിലെ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്നും കണ്ടെത്തിയിരുന്നു. രണ്ട് മണിക്കൂറിലധികം ജയില്‍ ചട്ടങ്ങള്‍ പാലിക്കാതെ ബോബി ചെമ്മണ്ണൂരുമായി സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ സുഹൃത്തുകള്‍ക്ക് സമയം അനുവദിക്കുകയാണ് ചെയ്തത്.

നിലവില്‍ അനധികൃതമായി ജയിലില്‍ ആളുകളെ പ്രവേശിപ്പിച്ചതില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ഡി.ഐ.ജി ശുപാര്‍ശ നല്‍കിയത്.

റിമാന്‍ഡിലായ പ്രതിക്ക് ജാമ്യം കിട്ടിയിട്ടും, പുറത്തിറങ്ങാന്‍ പറ്റാത്ത സഹതടവുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജയിലില്‍ കഴിഞ്ഞ ബോബി ചെമ്മണ്ണൂരിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്തതിൽ കോടതി സ്വയമേവ കേസെടുക്കുമെന്ന് ബോബിയെ അറിയിക്കുകയും ചെയ്തു. പിന്നാലെ കോടതിയോട് മാപ്പ് പറയാന്‍ തയാറാണെന്ന് അറിയിച്ച് ബോബി പുറത്തിറങ്ങുകയായിരുന്നു.

ബോബി നാടകം കളിക്കുകയാണോ എന്നും റിലീസ് ഓര്‍ഡര്‍ ലഭിച്ചിട്ടും പുറത്തിറങ്ങാതെ നാടകം കളിക്കരുതെന്നും ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ തനിക്കറിയാമെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.

Content Highlight: It is recommended to suspend the officers who gave VIP treatment to Bobby Chemmanur in jail

 




Source link