ഇസ്രഈലി നഗരങ്ങളിലും യു.എസ് വിമാനവാഹിനിക്കപ്പലിലും ആക്രമണം നടത്തി- ഹൂത്തികൾ



World News


ഇസ്രഈലി നഗരങ്ങളിലും യു.എസ് വിമാനവാഹിനിക്കപ്പലിലും ആക്രമണം നടത്തി: ഹൂത്തികൾ

സന: മൂന്ന് ഇസ്രഈലി നഗരങ്ങളിൽ ഒന്നിലധികം റോക്കറ്റുകളും ഡ്രോൺ ആക്രമണങ്ങളും നടത്തിയതായും ചെങ്കടലിൽ യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ഹാരി എസ്. ട്രൂമാനെതിരെ വീണ്ടും ആക്രമണം നടത്തിയതായും യെമനിലെ ഹൂത്തി സംഘം അറിയിച്ചു.

ഗസയിലെ തങ്ങളുടെ സഹോദരങ്ങൾക്കെതിരെ അടുത്തിടെ ഇസ്രഈൽ നടത്തിയ കൂട്ടക്കൊലകൾക്ക് മറുപടിയായി നാല് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ഇസ്രഈൽ തെക്കൻ തുറമുഖ നഗരമായ എയ്‌ലത്തിലെ സുപ്രധാന ഇടങ്ങളിൽ തങ്ങൾ സൈനിക ഓപ്പറേഷൻ നടത്തിയതായി ഹൂത്തികൾ സ്ഥിരീകരിച്ചു.

‘ഗസയിലെ ഞങ്ങളുടെ സഹോദരങ്ങൾക്കെതിരെ അടുത്തിടെ ഇസ്രഈൽ നടത്തിയ കൂട്ടക്കൊലകൾക്ക് മറുപടിയായി നാല് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ഇസ്രഈൽ തെക്കൻ തുറമുഖ നഗരമായ എയ്‌ലത്തിലെ സുപ്രധാന ഇടങ്ങളിൽ ഞങ്ങൾ സൈനിക ഓപ്പറേഷൻ നടത്തി,’ ഹൂത്തി സൈനിക വക്താവ് യഹ്‌യ സരിയ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഹൂത്തികൾ നടത്തുന്ന അൽ മസീറ ടി.വിയിലൂടെയായിരുന്നു പ്രസ്‍താവന.

ഇസ്രഈലിൽ നഗരങ്ങളായ ടെൽ അവീവ്, അഷ്‌കെലോൺ എന്നിവിടങ്ങളിലെ മറ്റ് സുപ്രധാന നഗരങ്ങളും തൻ്റെ സംഘം ലക്ഷ്യം വച്ചതായും വടക്കൻ ചെങ്കടലിൽ യു.എസ് വിമാനവാഹിനിക്കപ്പലിനെതിരെ ഏഴാമത്തെ ആക്രമണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾ ഗസയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ഇസ്രഈൽ വെടിനിർത്തൽ കരാർ ലംഘിക്കുകയോ ഇനിയും യുദ്ധം ആരംഭിക്കുകയോ ചെയ്താൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സരിയ പറഞ്ഞു. ഇസ്രഈലിനെ ഫലസ്തീനിൽ നിന്നും പുറത്താക്കുന്നത് വരെ തന്റെ സംഘം ഹമാസിനെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനയുടെ വടക്ക് ഭാഗത്തുള്ള അമ്രാൻ പ്രവിശ്യയിലെ ഹാർഫ് സുഫിയാൻ ജില്ലയിലെ ഹൂത്തി സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ചെങ്കടലിൽ യു.എസ് നാവികസേന അഞ്ച് വ്യോമാക്രമണങ്ങൾ നടത്തിയതായി പുലർച്ചെ ഹൂത്തി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രഈൽ നഗരങ്ങൾക്കും യു.എസ് വിമാനവാഹിനിക്കപ്പലിനും നേരെ ആക്രമണം ഉണ്ടായത്.

അതേസമയം ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന് പൂര്‍ണ ഇസ്രഈല്‍ കാബിനറ്റിന്റെ അംഗീകാരം നൽകി. 24  മന്ത്രിമാരാണ് കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. എട്ട് പേര്‍ പ്രതികൂലിച്ചും വോട്ട് ചെയ്തു. നാളെ (ഞായറാഴ്ച) മുതല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും.

Content Highlight: Yemen’s Houthis claim attacks on Israeli cities, US aircraft carrier




Source link